കാനഡയില്‍ നിലവില്‍ വരാത്ത റിബേറ്റ് പ്രോഗ്രാമിന്റെ പേരില്‍ തട്ടിപ്പ്; മുന്നറിയിപ്പ് നല്‍കി സിആര്‍എ

By: 600002 On: Nov 30, 2024, 9:11 AM

 

 

കാനഡയില്‍ വര്‍ക്കിംഗ് കനേഡിയന്‍സ് റിബേറ്റ്(WCR)   ഇതുവരെ നിലവില്‍ വന്നിട്ടില്ല. എന്നാല്‍ പ്രോഗ്രാമുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ ഇതിനകം തന്നെ ആരംഭിച്ചതായി കാനഡ റെവന്യൂ ഏജന്‍സി അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. സാമ്പത്തിക സമ്മര്‍ദ്ദ കാലത്ത് കനേഡിയന്‍ പൗരന്മാര്‍ക്ക് ആശ്വാസമായി നവംബര്‍ 21 ന് ലിബറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ് വര്‍ക്കിംഗ് കനേഡിയന്‍സ് റിബേറ്റ്. 2025 സ്പ്രിംഗ് സീസണില്‍ 18.7 മില്യണ്‍ പേര്‍ക്ക് 250 ഡോളര്‍ വീതം റിബേറ്റ് വിതരണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. 

പുതിയ റിബേറ്റ് പ്രോഗ്രാമിനുള്ള നിയമനിര്‍മാണം നടത്തിയിട്ടാല്ലത്തതിനാല്‍ പ്രോഗ്രാം നടപ്പിലാക്കാനും കഴിഞ്ഞിട്ടില്ല. എന്നാല്‍ ചില തട്ടിപ്പുകാര്‍ ജനങ്ങളെ കബളിപ്പിക്കാനുള്ള മാര്‍ഗമായി നിര്‍ദ്ദിഷ്ട റിബേറ്റ് പ്രോഗ്രാം ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയതായി സിആര്‍എ വ്യക്തമാക്കുന്നു. വര്‍ക്കിംഗ് കനേഡിയന്‍സ് റിബേറ്റുമായി ബന്ധപ്പെട്ട് പണം ഡെപ്പോസിറ്റ് ചെയ്യാനോ ക്ലെയിം ചെയ്യാനോ ആവശ്യപ്പെടുന്ന ഇ-മെയില്‍, ടെക്സ്റ്റ് സന്ദേശങ്ങള്‍ തട്ടിപ്പാണെന്ന് സിആര്‍എ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. 

നിയമനിര്‍മാണത്തിന് ശേഷം ഡെപ്പോസിറ്റ് വഴിയോ ചെക്ക് വഴിയോ അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുമെന്നും ഇതുമായി ബന്ധപ്പെട്ട് ഇ-മെയില്‍ ലിങ്കുകളോ പെയ്‌മെന്റുകള്‍ക്കായി ഏതെങ്കിലും ഫോമുകള്‍ പൂരിപ്പാക്കാനോ ആവശ്യപ്പെടുന്നില്ലെന്നും സിആര്‍എ വ്യക്തമാക്കി.