ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനവുമായി എയർ കാനഡ

By: 600110 On: Nov 29, 2024, 2:17 PM

ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം നടപ്പാക്കാനൊരുങ്ങി എയർ കാനഡ. ബോർഡിങ് നടപടികൾ കൂടുതൽ സുഗമമാക്കുന്നതിൻ്റെ ഭാഗമായാണ് ഇത്. നടപ്പിലായാൽ ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം ഏർപ്പെടുത്തുന്ന ആദ്യ കനേഡിയൻ വിമാനക്കമ്പനിയായി എയർ കാനഡ മാറും. 

അടുത്ത ചൊവ്വാഴ്ചയോടെയാണ് ഫേഷ്യൽ റെക്കഗ്നീഷൻ സംവിധാനം നിലവിൽ വരിക. ഇതോടെ എയർ കാനഡയുടെ ആഭ്യന്തര സർവ്വീസുകളിൽ യാത്ര ചെയ്യുന്നവർക്ക് മറ്റ് ഐഡി പ്രൂഫുകൾ ഹാജരാക്കേണ്ടി വരില്ല. ഇതിനായി യാത്രക്കാർ മുഖത്തിൻ്റെ ഫോട്ടോയും പാസ്പോർട്ടിൻ്റെ സ്കാൻ ചെയ്ത കോപ്പിയും എയർ കാനഡ ആപ്പിലേക്ക് അപ്ലോഡ് ചെയ്യേണ്ടതാണ്.2023 ഫെബ്രുവരി മുതൽ ടൊറണ്ടോ, കാൽഗറി, സാൻഫ്രാൻസിസ്കോ തുടങ്ങി എയർ കാനഡയുടെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ ഈ സംവിധാനം നിലവിലുണ്ട്. ഇതാണ് വരും നാളുകളിൽ കാനഡയിലെ എല്ലാ വിമാനത്താവളങ്ങളിലും നടപ്പാക്കാനൊരുങ്ങുന്നത്. അമേരിക്കൻ എയർലൈനുകൾ വളരെ നേരത്തെ ഇത്തരം സംവിധാനങ്ങൾ ഏർപ്പെടുത്തിയെങ്കിലും കനേഡിയൻ എയർലൈനുകൾക്ക് അതിനായിട്ടില്ല. മറ്റ് രാജ്യങ്ങളിൽ വ്യാപകമാണെങ്കിലും ഇത്തരം സംവിധാനങ്ങൾക്കെതിരെ വിമർശനങ്ങളും ഉയർന്നിട്ടുണ്ട്.  സ്വകാര്യതയടക്കമുള്ള കാര്യങ്ങൾ പരിഗണിക്കുമ്പോൾ ഇത്തരം സംവിധാനങ്ങൾ പല ആശങ്കകളും ഉയർത്തുന്നുണ്ടെന്നാണ് ആരോപണങ്ങൾ ഉയർന്നിട്ടുള്ളത്.