കാല്‍ഗറി ഹൈവേയില്‍ കുടുങ്ങിയ വാഹന യാത്രക്കാരനെ സഹായിക്കാന്‍ ശ്രമിച്ച യുവാവിന് സ്വന്തം വാഹനത്തിനടിയില്‍പ്പെട്ട് ദാരുണാന്ത്യം 

By: 600002 On: Nov 29, 2024, 9:10 AM

 


കാല്‍ഗറി ഹൈവേയില്‍ കുടുങ്ങിയ വാഹനത്തെ സഹായിക്കാന്‍ ശ്രമിച്ച മറ്റൊരു വാഹനത്തിലെ ഡ്രൈവര്‍ക്ക് വാഹനത്തിനടിയില്‍പ്പെട്ട് ദാരുണാന്ത്യം. ബുധനാഴ്ച രാത്രി ഫിഫ്ത്ത് അവന്യുവിന് സമീപം ക്രോചൈല്‍ഡ് ട്രെയിലിലാണ് അപകടം നടന്നത്. 40 വയസ് പ്രായമുള്ളയാളും കുട്ടിയും സഞ്ചരിച്ച ടൊയോട്ട പ്രിയസ് രാത്രി 8 മണിയോടെ ഹൈവേയില്‍ ബ്രേക്ക്ഡൗണ്‍ ആയ മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരനെ സഹായിക്കാനായി നിര്‍ത്തുകയായിരുന്നു. ഇതിനിടയില്‍ നീങ്ങിത്തുടങ്ങിയ സ്വന്തം വാഹനത്തിനടിയില്‍ യുവാവ് കുടുങ്ങുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സ്ഥലത്തുണ്ടായിരുന്നവര്‍ ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പോലീസ് സംഭവ സ്ഥലത്തെത്തിയെങ്കിലും യുവാവിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. 

ഇയാളുടെ കൂടെയുണ്ടായിരുന്ന കുട്ടിക്ക് പരുക്കുകളൊന്നുമില്ല. കുട്ടി സുരക്ഷിതനാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഫിഫ്ത്ത് അവന്യുവിന് സമീപമുള്ള ക്രോചൈല്‍ഡ് ട്രയില്‍ കുറച്ചുനേരത്തേക്ക് അടച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.