ബീജിങ്: ലോകത്തെ ഏറ്റവും വലിയ സ്വർണ നിക്ഷേപം ചൈനയിൽ കണ്ടെത്തി. മധ്യ ചൈനയിലാണ് സ്വർണ നിക്ഷേപം. 1,000 മെട്രിക് ടൺ (1,100 യുഎസ് ടൺ) ഉയർന്ന നിലവാരമുള്ള അയിര് അടങ്ങിയിട്ടുണ്ടെന്നാണ് നിഗമനമെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹുനാൻ പ്രവിശ്യയിലെ ജിയോളജിക്കൽ ബ്യൂറോ പ്രവിശ്യയുടെ വടക്കുകിഴക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന പിംഗ്ജിയാങ്ങിലാണ് നിക്ഷേപം. ചൈനീസ് സ്റ്റേറ്റ് മീഡിയയുടെ കണക്കനുസരിച്ച് , 600 ബില്യൺ യുവാൻ, (6,91,473 കോടി രൂപ) വിലമതിക്കുന്നതാണ് നിക്ഷേപം.
ദക്ഷിണാഫ്രിക്കയിലെ സൗത്ത് ഡീപ് മൈനിൽ കണ്ടെത്തിയ 930 മെട്രിക് ടണ്ണിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ സ്വർണ ശേഖരമാകുമെന്നും പറയുന്നു. പ്രാഥമിക പര്യവേക്ഷണത്തിൽ 2 കിലോമീറ്റർ താഴ്ചയിൽ 300 മെട്രിക് ടൺ സ്വർണമുള്ള 40 സ്വർണ വെയിനുകൾ കണ്ടെത്തി. വിപുലമായ 3 ഡി പരിശോനനയിൽ കൂടുതൽ ആഴത്തിൽ കൂടുതൽ ശേഖരത്തിൻ്റെ സാന്നിധ്യം സൂചിപ്പിക്കുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു. ചൈനയുടെ സ്വർണ വ്യവസായത്തിന് മുതൽക്കൂട്ടാകുമെന്നും സാമ്പത്തിക ശേഷി വർധിപ്പിക്കുമെന്നും പറയുന്നു.