മുൻ കാമുകി അബദ്ധത്തിൽ മാലിന്യ കൂമ്പാരത്തിൽ ഉപേക്ഷിച്ച തന്‍റെ 569 മില്യൺ പൗണ്ട് (6,000 കോടി രൂപ) വീണ്ടെടുക്കാനുള്ള ശ്രമത്തിൽ യുവാവ്. കേൾക്കുമ്പോൾ ഇത്രയും വലിയ തുക ആരെങ്കിലും അബദ്ധത്തിൽ ഉപേക്ഷിച്ചു കളയുമോ എന്ന് നിങ്ങൾക്ക് സംശയം തോന്നിയേക്കാം. എന്നാൽ 8,000 ബിറ്റ്കോയിനുകളുടെ രൂപത്തിൽ ഒരു പഴയ ഹാർഡ് ഡ്രൈവിൽ സൂക്ഷിച്ചിരുന്ന പണമാണ് അബദ്ധത്തിൽ മാലിന്യ കൂമ്പാരത്തിൽ വലിച്ചെറിഞ്ഞത്.
ജെയിംസ് ഹോവൽസിന്‍റെ ഈ സമ്പാദ്യത്തെക്കുറിച്ച് അറിവില്ലാതിരുന്ന അയാളുടെ മുൻ കാമുകി ഹാൽഫിന എഡ്ഡി-ഇവാൻസ് ആണ് ഇത് മാലിന്യ കൂമ്പാരത്തിൽ ഉപേക്ഷിച്ചത്. ഹാർഡ് ഡ്രൈവിനുള്ളിൽ ഇത്രയും വിലപിടിപ്പുള്ള സംഗതിയായിരുന്നെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും മുറി വൃത്തിയാക്കുന്നതിനിടയിൽ കിട്ടിയ പഴയ ഹാർഡ് ഡിസ്ക് മാലിന്യങ്ങളുടെ കൂട്ടത്തിൽ ഉപേക്ഷിക്കുകയായിരുന്നു എന്നുമാണ് വെയിൽസിൽ നിന്നുള്ള ഹാൽഫിന എഡ്ഡി-ഇവാൻസ് തനിക്ക് പറ്റിയ അബദ്ധത്തെക്കുറിച്ച് പ്രതികരിച്ചത്.
വീട്ടിലെ പഴയ വസ്തുക്കൾ എടുത്തുകളഞ്ഞ് വീട് വൃത്തിയാക്കാൻ തന്‍റെ മുൻകാമുകൻ ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ അങ്ങനെ ചെയ്തതെന്നും യുവതി കൂട്ടിചേര്‍ക്കുന്നു. ഹാർഡ് ഡിസ്ക് നഷ്ടപ്പെട്ടതിൽ തനിക്ക് ഒരു പങ്കുമില്ലെന്നും യുവതി വ്യക്തമാക്കി. യുവതി ഹാർഡ് ഡിസ്ക് ഉപേക്ഷിച്ച മാലിന്യ കൂമ്പാരം സ്ഥിതി ചെയ്യുന്ന സ്ഥലം തിരയുന്നതിന് വേണ്ടിയുള്ള അനുവാദം പ്രാദേശിക ഭരണകൂടത്തിൽ നിന്നും നേടിയെടുക്കുന്നതിനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഹോവൽസ്. ഹാർഡ് ഡിസ്ക് കണ്ടെത്താൻ അദ്ദേഹത്തിന് കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും എഡ്ഡി പറഞ്ഞു.
1,10,000 ടൺ മാലിന്യം അടഞ്ഞു കിടക്കുന്ന സ്ഥലത്താണ് ഹാർഡ് ഡിസ്ക് ഉപേക്ഷിച്ചിട്ടുള്ളത്. നഷ്ടപ്പെട്ട പണം തനിക്ക് തിരികെ കിട്ടുകയാണെങ്കിൽ അതിന്‍റെ 10 % ആ പ്രദേശത്തിന്‍റെ വികസനത്തിനായി പ്രാദേശിക ഭരണകൂടത്തിന് നൽകാമെന്നാണ് ഹോവൽസിന്‍റെ വാഗ്ദാനം. മാലിന്യം കുഴിക്കണമെന്ന് ഹോവെൽസിന്‍റെ അഭ്യർത്ഥനകൾ ഏറെ നാളുകളായി ലഭിക്കുന്നുണ്ടെന്നും എന്നാൽ, പാരിസ്ഥിതിക അനുമതി പ്രകാരം ഖനനം സാധ്യമല്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും ന്യൂപോർട്ട് സിറ്റി കൗൺസിൽ അറിയിച്ചു.