ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നവരും വാങ്ങുന്നവരും തട്ടിപ്പുകളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്ന് എഡ്മന്റണ്‍ പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. വ്യാജ ഇ-ട്രാന്‍സ്ഫര്‍ തട്ടിപ്പ് വ്യാപകമാകുന്നുണ്ടെന്നും ഈ മാസം മാത്രം നാല് പരാതികള്‍ ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും എഡ്മന്റണ്‍ പോലീസ് സര്‍വീസ് പറയുന്നു. കിജിജി, ഫെയ്‌സ്ബുക്ക് മാര്‍ക്കറ്റ്‌പ്ലെയ്‌സ് എന്നിവ വഴി ഇടപാടുകള്‍ നടത്തുന്നവര്‍ കൂടുതലായി തട്ടിപ്പിനിരയാകുന്നുണ്ട്. വില്‍പ്പന നടത്തുമ്പോള്‍ നിയമാനുസൃത പണമിടപാട് പോലെ തോന്നിപ്പിക്കുന്ന ഇ-മെയില്‍ ലഭിക്കും. എന്നാല്‍ ഇത് തട്ടിപ്പായിരിക്കുമെന്നും അതീവ ജാഗ്രതയോടെ മാത്രമേ ഓണ്‍ലൈന്‍ വില്‍പ്പനകളും വാങ്ങലുകളും നടത്താന്‍ പാടുള്ളൂവെന്നും പോലീസ് പറയുന്നു.
ഫണ്ട് ഡെപ്പോസിറ്റ് ചെയ്യുന്നതിനായി ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ബാങ്കിന്റേതിന് സമാനമായ വ്യാജ വെബ്‌സൈറ്റിലേക്കാണ് പോവുക. ഇവിടെ യൂസര്‍നെയിമും പാസ്‌വേര്‍ഡും നല്‍കിക്കഴിഞ്ഞാല്‍ അത് തട്ടിപ്പുകാര്‍ക്കാണ് ലഭിക്കുക. ഇവര്‍ക്ക് ഉടന്‍ ഓണ്‍ലൈന്‍ ബാങ്കിംഗിലേക്ക് ആക്‌സസ് ലഭിക്കുകയും ചെയ്യുന്നുവെന്ന് ഇപിഎസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഇത്തരം തട്ടിപ്പുകള്‍ മൂലം നവംബര്‍ ആദ്യം മുതല്‍ 27 വരെ ഏകദേശം 6,700 ഡോളറിലധികം നഷ്ടമാണ് എഡ്മന്റണ്‍ പോലീസ് രേഖപ്പെടുത്തിയത്.
ഇപ്പോള്‍ നേരിടുന്ന ഗുരുതരമായ പ്രശ്‌നമാണ് ഈ തട്ടിപ്പെന്നും ഇത് ട്രാക്ക് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നും എഡ്മന്റണ്‍ പോലീസ് സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിലെ ഡിറ്റക്റ്റീവ് ലിന്‍ഡ ഹെര്‍സെഗ് പറയുന്നു. ഇ-ട്രാന്‍സ്ഫര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കില്‍, പോലീസില്‍ വിവരം അറിയിക്കുന്നതിന് മുമ്പ് അക്കൗണ്ട് ലോക്ക്ഡൗണ്‍ ആണെന്ന് ഉറപ്പാക്കാന്‍ ബാങ്കുമായി ഫോളോഅപ്പ് ചെയ്യാന്‍ ഹെര്‍സെഗ് ആവശ്യപ്പെടുന്നു. തട്ടിപ്പിനിരയായി പണമോ വ്യക്തിവിവരങ്ങളോ നഷ്ടപ്പെട്ടവര്‍ക്ക് 780-423-4567 എന്ന നമ്പറില്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാമെന്ന് ഇപിഎസ് അറിയിച്ചു.