5ജിയില്‍ ഇന്ത്യ കുതിക്കും; 2030-ഓടെ ഉപയോക്താക്കള്‍ 97 കോടിയാകും

By: 600007 On: Nov 28, 2024, 10:50 AM

 

ദില്ലി: 2030-ഓടെ രാജ്യത്തെ 5ജി സബ്‌സ്‌ക്രിപ്ഷൻ 97 കോടിയിലേക്ക് ഉയരുമെന്ന് റിപ്പോർട്ട്. ഇന്ത്യയില്‍ 2030ല്‍ ആകെയുണ്ടാവുന്ന മൊബൈൽ ഉപയോക്താക്കളുടെ 74 ശതമാനം വരുമിത്. 2024 അവസാനത്തോടെ രാജ്യത്തെ 5ജി ഉപയോക്താക്കളുടെ എണ്ണം 27 കോടിയിലധികമായി ഉയരുമെന്നും എറിക്സൺ മൊബിലിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ ആകെ മൊബൈല്‍ ഉപഭോക്താക്കളുടെ 23 ശതമാനം വരുമിത്. 

രാജ്യത്ത് നിലവില്‍ 32 ജിബിയാണ് ഓരോ സ്‌മാർട്ട്ഫോണിലും പ്രതിമാസം ഉപയോഗിക്കുന്ന ശരാശരി ഡാറ്റ. ഇത് ലോകത്ത് തന്നെ ഏറ്റവും ഉയര്‍ന്ന കണക്കാണ്. ആഗോള ശരാശരി 2024ല്‍ 19 ജിബിയാണ്. ഇന്ത്യയിലെ പ്രതിമാസ ശരാശരി ഡാറ്റ ഉപയോഗം 2030-ഓടെ 66 ജിബിയായി ഉയരുമെന്നാണ് എറിക്സണ്‍ കൺസ്യൂമർലാബിന്‍റെ കണക്കുകൂട്ടല്‍.

ഫോണുകളില്‍ മികച്ച നെറ്റ്‌വര്‍ക്ക് ലഭ്യമാക്കാനായി കൂടുതൽ പണം മുടക്കാൻ ഇന്ത്യക്കാര്‍ തയ്യാറാണ്. 5ജി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന 67 ശതമാനം പേരും ജനറേറ്റീസ് എഐ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നവരായി മാറും. കൂടുതൽ മികച്ച രീതിയിൽ പ്രതികരിക്കുന്ന ജനറേറ്റിവ് എഐ ആപ്ലിക്കേഷനുകൾ വേണമെന്നാണ് ജെൻ-സീ തലമുറയുടെ ആഗ്രഹം. ആപ്ലിക്കേഷനുകളുടെ മികച്ച പ്രകടനത്തിന് ഗുണനിലവാരമുള്ള നെറ്റ്‍വർക്ക് കണക്ടിവിറ്റി അനിവാര്യമാണ് എന്നതാണ് ഡാറ്റയ്ക്ക് കൂടുതല്‍ തുക ചിലവഴിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ഘടകം എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.