ഡൗണ്‍ടൗണ്‍ കാല്‍ഗറിയില്‍ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി തിരച്ചില്‍  

By: 600002 On: Nov 28, 2024, 9:57 AM

 

 

ഡൗണ്‍ടൗണ്‍ കാല്‍ഗറിയില്‍ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. നവംബര്‍ 3 ന് രാവിലെ 6.30 ഓടെ സിക്‌സ്ത് അവന്യു, 10 സ്ട്രീറ്റ് എസ്ഡബ്ല്യുവിലാണ് സംഭവമുണ്ടായത്. പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. 33 വയസ്സുള്ള കര്‍മാല്‍ ഇസ്മയില്‍ എന്നയാളാണ് യുവതിയെ പീഡിപ്പിച്ചതെന്നും ഇയാളെ അറസ്റ്റ് ചെയ്യാന്‍ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. 

നടന്നുപോവുകയായിരുന്ന സ്ത്രീക്ക് നേരെ പാഞ്ഞടുത്ത ഇസ്മയില്‍ ആയുധം കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതി രക്ഷപ്പെട്ടോടി അടുത്തുള്ള അപ്പാര്‍ട്ട്‌മെന്റിലേക്ക് കയറി. എന്നാല്‍ ഇയാള്‍ യുവതിയെ പിന്തുടര്‍ന്നുവെന്ന് പോലീസ് പറഞ്ഞു. യുവതിയെ ഇയാള്‍ വീണ്ടും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി പോലീസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. തുടര്‍ന്ന് പ്രതി സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ടു. സ്ഥലത്തെത്തിയ കാല്‍ഗറി ട്രാന്‍സിറ്റ് ഉദ്യോഗസ്ഥരാണ് പരുക്കേറ്റ് കിടന്ന യുവതിയെ കണ്ടെത്തിയതും പോലീസില്‍ വിവരമറിയിക്കുകയും ചെയ്തത്. 

പ്രതിക്കായി കാല്‍ഗറി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇയാളെക്കുറിച്ചോ ലൊക്കേഷനെ കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 403-266-1234 എന്ന നമ്പറില്‍ പോലീസുമായി ബന്ധപ്പെടണമെന്ന് അറിയിച്ചു.