അമേരിക്ക, ഓസ്‌ട്രേലിയ, യുകെ എന്നിവടങ്ങളിലെ എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കും: വീണ്ടും ഭീഷണി മുഴക്കി ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ 

By: 600002 On: Nov 27, 2024, 11:59 AM

 

ഇന്ത്യക്ക് നേരെ വീണ്ടും ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നുവിന്റെ ഭീഷണി. അടുത്ത വര്‍ഷം ജനുവരി 26 നകം അമേരിക്ക, ഓസ്‌ട്രേലിയ, യുകെ എന്നിവടങ്ങളിലെ എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന പുതിയ വീഡിയോ പന്നൂന്‍ പുറത്തുവിട്ടു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കാന്‍ 'രക്തരഹിത' യുദ്ധം ആരംഭിക്കാന്‍ താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ MAGA  ബേസില്‍ ( Make America Great Again) പരസ്യങ്ങള്‍ നല്‍കുകയും ഇന്ത്യന്‍ വ്യവസായങ്ങള്‍ അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പൗരന്മാരെ പ്രേരിപ്പിക്കുകയും വീഡിയോയിലൂടെ ചെയ്യുന്നു. 

നിയുക്ത പ്രസിഡന്റിന്റെ MAGA പ്രസ്ഥാനം പിന്തുടരാനുള്ള സമയമാണ്. അമേരിക്കന്‍ വ്യവസായത്തെ ശക്തിപ്പെടുത്താനുള്ള ഏകമാര്‍ഗം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ഇന്ത്യന്‍ വ്യവസായങ്ങളെ തടയുകയും നിരോധിക്കുകയും ചെയ്യുക എന്നതാണ്. ഒരു സമയം, ഒരു വ്യവസായം എന്ന രീതിയാണ് പിന്തുടരേണ്ടതെന്നും പന്നൂന്‍ പറയുന്നു. 
തങ്ങളുടെ പ്രവര്‍ത്തനം വ്യോമയാന മേഖലയില്‍ നിന്നുമാണ് ആരംഭിക്കുന്നത്. ജനുവരി 26 ഓടെ അമേരിക്ക, കാനഡ, ഇറ്റലി, യുകെ, ഓസ്‌ട്രേലിയ എന്നിവടങ്ങളിലെ എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം നിര്‍ത്തും. അമേരിക്കന്‍ പൗരന്മാര്‍ ഇനി അമേരിക്കന്‍ എയര്‍ലൈന്‍സ്, യുണൈറ്റഡ് എയര്‍ലൈന്‍സ് എന്നിവയില്‍ പറന്ന് ട്രംപിന്റെ MAGA  ബേസിനെ പിന്തുണയ്ക്കാനും പന്നൂന്‍ ആവശ്യപ്പെടുന്നു.