സൗത്ത് ഈസ്റ്റ് കാല്‍ഗറിയില്‍ വീടിന് തീപിടിച്ച സംഭവം: നാച്വറല്‍ ഗ്യാസ് അടിഞ്ഞുകൂടിയതാണ് കാരണമെന്ന് അഗ്നിരക്ഷാ സേന 

By: 600002 On: Nov 27, 2024, 11:24 AM

 

 

കഴിഞ്ഞയാഴ്ച സൗത്ത്ഈസ്റ്റ് കാല്‍ഗറിയില്‍ വീടിന് തീപിടിച്ച സംഭവത്തില്‍ പുതിയ കണ്ടെത്തലുമായി അന്വേഷകര്‍. വീട്ടില്‍ നാച്വറല്‍ ഗ്യാസ് അടിഞ്ഞുകൂടിയതാണ് പൊട്ടിത്തെറിക്കും തുടര്‍ന്ന് തീപിടുത്തത്തിനും കാരണമായതെന്ന് കാല്‍ഗറി അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.15 ഓടെ മഹാഗണി റോഡ് സൗത്ത്ഈസ്റ്റിലെ വീട്ടിലാണ് തീപിടുത്തമുണ്ടായത്. ടൗണ്‍ഹൗസ് സമുച്ചയത്തില്‍ സ്‌ഫോടനമുണ്ടാവുകയും കറുത്ത പുക ഉയരുകയുമായിരുന്നുവെന്ന് അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ പറഞ്ഞു. ഒരു ടൗണ്‍ഹൗസ് യൂണിറ്റ് തകരുകയും അയല്‍പ്പക്കത്തുള്ള വീടുകളിലേക്ക് തീപടരുകയും ചെയ്തു. അവസരോചിതമായ ഇടപെടല്‍ മൂലം വലിയൊരു അപകടം ഒഴിവാക്കാന്‍ സാധിച്ചെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

പ്രാഥമിക അന്വേഷണത്തില്‍ ഒരു എന്‍ഡ് യൂണിറ്റില്‍ നാച്വറല്‍ ഗ്യാസ് അടിഞ്ഞുകൂടിയിരുന്നുവെന്നും വീട്ടിലെ ഫര്‍ണസ് ഓണ്‍ ആക്കിയപ്പോഴാണ് സ്‌ഫോടനമുണ്ടായതെന്നും കണ്ടെത്തിയതായി കാല്‍ഗറി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് അറിയിച്ചു. സ്‌ഫോടനത്തില്‍ നാച്വറല്‍ ഗ്യാസ് ലൈന്‍ പൊട്ടിയതാണ് തീ മറ്റ് യൂണിറ്റുകളിലേക്ക് പടരാന്‍ ഇടയാക്കിയത്. സ്‌ഫോടനം നടന്ന വീടിനുള്ളില്‍ ആരും ഉണ്ടായിരുന്നില്ല. രണ്ട് അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെ നാല് പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.