കാലിഫോർണിയയിലെ ഫ്രെസ്‌നോയിൽ, അസംസ്‌കൃത പാലിൻ്റെ സാമ്പിളിൽ പക്ഷിപ്പനി വൈറസ് കണ്ടെത്തി. നവംബർ 21ന് ഹെൽത്ത് ഓഫീസർമാർ ഡയറി ഫാമിൽ നടത്തിയ പതിവ് പരിശോധനയിലാണ് വൈറസിൻ്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതെന്ന് സംസ്ഥാന പൊതുജനാരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ ഈ ഫാമിൽ നിന്ന് പുറത്തിയറക്കിയ ക്രീം അടക്കമുള്ള ചില ഉല്പ്പന്നങ്ങൾ സ്വമേധയാ തിരിച്ചുവിളിച്ചു. ഉപഭോക്താക്കൾ വാങ്ങിയ ഉല്പ്പന്നങ്ങൾ സ്റ്റോറിലേക്ക് ഉടൻ തിരികെ എത്തിക്കണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു.
കാലിഫോർണിയയിലെ ഒരു കുട്ടിയിൽ നേരത്തെ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. യുഎസിൽ പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യത്തെ കേസായിരുന്നു ഇത്.
കുട്ടിക്ക് നേരിയ ലക്ഷണങ്ങളുണ്ടായിരുന്നെങ്കിലും ആൻറിവൈറൽ മരുന്നുകൾ നൽകി ചികിത്സിച്ചു. കുട്ടി സുഖം പ്രാപിച്ചു വരികയാണെന്ന് ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സെൻ്റേഴ്സ് അറിയിച്ചു.കാലിഫോർണിയയിലെ 29 എണ്ണം ഉൾപ്പെടെ യു എസിൽ ഈ വർഷം 55 പക്ഷിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് സിഡിസി പറഞ്ഞു.