കാനഡ-യുഎസ് അതിര്‍ത്തി കടക്കാനുള്ള ശ്രമത്തിനിടയില്‍ മാനിറ്റോബയില്‍ ഇന്ത്യന്‍ കുടുംബം തണുത്തുറഞ്ഞ് മരിച്ച സംഭവത്തില്‍ പിടിയിലായ രണ്ട് പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 2022 ജനുവരിയില്‍ നടന്ന ദാരുണ സംഭവത്തിലാണ് മിനസോട്ട ജൂറിയുടെ തീരുമാനം. ഡേര്‍ട്ടി ഹാരി എന്നറിയപ്പെടുന്ന ഇന്ത്യന്‍ വംശജനായ ഹര്‍ഷ്‌കുമാര്‍ രാമന്‍ലാല്‍ പട്ടേല്‍(28), ഫ്‌ളോറിഡയിലെ ഡെല്‍റ്റോണയില്‍ നിന്നുള്ള സ്റ്റീവന്‍ ഷാന്‍ഡ്(49) എന്നിവരെയാണ് അവര്‍ നേരിട്ട നാല് കേസുകളിലും ശിക്ഷിച്ചത്. ഗുജറാത്ത് സ്വദേശികളായ ജഗ്ദീഷ്, ഭാര്യ വൈശാലിബെന്‍ പട്ടേല്‍, മക്കളായ 11കാരി വിഹാംഗി, മൂന്ന് വയസ്സുള്ള ധാര്‍മിക് എന്നിവരാണ് കൊടുംമഞ്ഞില്‍ തണുത്ത് വിറങ്ങലിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രതികള്‍ ഇരുവരും സ്റ്റുഡന്റ് വിസയില്‍ ഇന്ത്യന്‍ പൗരന്മാരെ കാനഡയിലെത്തിക്കുകയും തുടര്‍ന്ന് അവരെ അമേരിക്കന്‍ അതിര്‍ത്തിയിലൂടെ കടത്തുകയുമായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. പട്ടേല്‍ ലോജിസ്റ്റിക്‌സ് സംഘടിപ്പിച്ച് അമേരിക്കയിലേക്കുള്ള കുടിയേറ്റക്കാരെ വാടക വാഹനങ്ങളില്‍ കയറ്റി ഷിക്കാഗോയിലേക്ക് കൊണ്ടുപോകുന്നതിന് ഷാന്‍ഡിന് പണം നല്‍കിയതായി പ്രോസിക്യൂഷന്‍ വാദിച്ചു. അപകടസാധ്യതകള്‍ അറിഞ്ഞിട്ടും, പ്രതികള്‍ ഇരുവരും കുടിയേറ്റക്കാരെ അതിര്‍ത്തി കടത്താന്‍ പ്രേരിപ്പിച്ചതായി പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു.