പശ്ചിമേഷ്യയ്ക്ക് പിന്നാലെ യൂറോപ്പിലും യുദ്ധഭീതി; റഷ്യയ്ക്ക് മുന്നറിയിപ്പുമായി ബ്രിട്ടൻ

By: 600007 On: Nov 22, 2024, 1:27 PM

 

 

ലണ്ടൻ: പശ്ചിമേഷ്യയ്ക്ക് പിന്നാലെ യൂറോപ്പിലും യുദ്ധഭീതി. റഷ്യ-യുക്രൈൻ യുദ്ധം തുടരുന്നതിനിടെ റഷ്യയ്ക്ക് മുന്നറിയിപ്പുമായി ബ്രിട്ടൻ രം​ഗത്തെത്തിയിരിക്കുകയാണ്. കിഴക്കൻ യൂറോപ്പിലെ ഏതെങ്കിലും നാറ്റോ രാജ്യങ്ങളെ റഷ്യ ആക്രമിച്ചാൽ ഇടപെടുമെന്നാണ് ബ്രിട്ടന്റെ മുന്നറിയിപ്പ്. ബ്രിട്ടീഷ് ഡിഫൻസ് സ്റ്റാഫ് ഡെപ്യൂട്ടി ചീഫ് റോബ് മഗോവൻ യുകെ പാർലമെൻ്റ് കമ്മിറ്റി ഹിയറിംഗിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

യുക്രൈന് മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് യുഎസ് നീക്കിയതിന് പിന്നാലെ യുഎസ് നിർമ്മിത എടിഎസിഎംഎസ് മിസൈലുകൾ ഉപയോ​ഗിച്ച് യുക്രൈൻ റഷ്യയെ ആക്രമിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജോ ബൈഡന്‍റെ പുതിയ നീക്കമെന്നതും ശ്രദ്ധേയമായിരുന്നു. എന്നാൽ റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള പദ്ധതി എന്താണെന്ന് ട്രംപ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അമേരിക്കയിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെ ട്രംപ് യുക്രൈൻ പ്രസിഡൻ്റ് വൊളോദിമർ സെലെൻസ്‌കിയുമായി സംസാരിച്ചതായാണ് റിപ്പോർട്ട്.  ‌

ഇതിനിടെ, യുകെ നിർമ്മിത സ്റ്റോം ഷാഡോ മിസൈലുകളും ചില റഷ്യൻ ലക്ഷ്യങ്ങളെ ആക്രമിക്കാൻ യുക്രൈൻ ഉപയോഗിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇതോടെ റഷ്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തിലും വലിയ വിള്ളലുണ്ടായതായാണ് സൂചന. റഷ്യ-യുക്രൈൻ സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ ഉത്തര കൊറിയയിൽ നിന്നുള്ള പതിനായിരത്തിലധികം സൈനികർ യുക്രൈനിനെതിരായ യുദ്ധത്തിൽ റഷ്യയ്ക്കൊപ്പം ചേർന്നിട്ടുണ്ട്. ഉത്തര കൊറിയൻ സൈന്യത്തിലെ ത്രീ സ്റ്റാർ ജനറൽ കിം യോങ് ബോക്ക് ആണ് ഇവരുടെ മേൽനോട്ടം വഹിക്കുന്നത്.