കാനഡയിലെത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

By: 600110 On: Nov 22, 2024, 11:48 AM

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കാനഡയിൽ പ്രവേശിച്ചാൽ അറസ്റ്റു ചെയ്യുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ട്രൂഡോയുടെ പ്രതികരണം.  

അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളെന്ന നിലയിൽ അന്താരാഷ്ട്ര നിയമത്തിന് വേണ്ടി നിലകൊള്ളുമെന്നും കോടതികളുടെ എല്ലാ നിയന്ത്രണങ്ങളും വിധികളും  അനുസരിക്കുമെന്നും  ജസ്റ്റിൻ ട്രൂഡോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ഹമാസിൻ്റെ തുടർച്ചയായ അക്രമങ്ങളെ  അപലപിക്കുന്നതായും സാധാരണക്കാരെ സംരക്ഷിക്കുന്നതിനായി ഇരു രാജ്യങ്ങളും വെടി നിർത്തലിന് തയ്യാറാകണമെന്നും ട്രൂഡോ ആവശ്യപ്പെട്ടു. ​

ഗാസയിൽ  സ്ത്രീകളും കുട്ടികളുമടക്കം നാൽപതിനായിരത്തിലേറെ ​പേരെ കൂട്ട​ക്കൊല നടത്തിയതിനും ആശുപത്രികളടക്കം തകർത്തതിനുമാണ്  അന്താരാഷ്ട്ര കോടതി  യുദ്ധക്കുറ്റം ചുമത്തി നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യൊആവ് ഗാലൻറിനും അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചത്.  ഹമാസ് നേതാവ് മുഹമ്മദ് ദയീഫിന് എതിരെയും കോടതിയുടെ വാറൻ്റുണ്ട്. നെതന്യാഹുവോ ഗാലന്റോ ഐ.സി.സി അംഗത്വമുള്ള 120ലധികം രാജ്യങ്ങളിൽ എവിടേക്കെങ്കിലും യാത്ര ചെയ്താൽ ഇരുവരെയും അറസ്റ്റ് ചെയ്ത് നടപടി സ്വീകരിക്കും