ടൊറന്റോ പിയേഴ്‌സണ്‍ എയര്‍പോര്‍ട്ടിലെ സ്വര്‍ണ കവര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രതി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് പീല്‍ റീജിയണല്‍ പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ ഇന്ത്യന്‍ വംശജനും ബ്രാംപ്ടണ്‍ സ്വദേശിയുമായ പ്രശാന്ത് പരമലിംഗ(35)ത്തിനെതിരെയാണ് ബെഞ്ച് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണകവര്‍ച്ചയായിരുന്നു കഴിഞ്ഞ വര്‍ഷം ടൊറന്റോ പിയേഴ്‌സണ്‍ എയര്‍പോര്‍ട്ടില്‍ നടന്നത്. മോഷ്ടിച്ച സ്വര്‍ണ കട്ടികളുമായി വിമാനത്താവളത്തില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിച്ച പ്രശാന്ത് പരമലിംഗം കേസിന്റെ വിചാരണയ്ക്കായി കോടതിയില്‍ ഹാജരായില്ല. തുടര്‍ന്നാണ് ബെഞ്ച് വാറണ്ട് പുറപ്പെടുവിച്ചത്. ജഡ്ജിയുടെ അധികാര പരിധിയില്‍ വരുന്നതാണ് ബെഞ്ച് വാറണ്ട്.
കൂടാതെ, അന്വേഷണ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞ സിമ്രാന്‍ പ്രീത് പനേസര്‍, അര്‍സലന്‍ ചൗധരി എന്നീ രണ്ട് പ്രതികള്‍ക്കായും രാജ്യത്തുടനീളം അറസ്റ്റ് വാറണ്ടുകള്‍ ഉണ്ട്.
2023 ഏപ്രില്‍ 17ന് ടൊറന്റോ പിയേഴ്‌സണ്‍ രാജ്യാന്തര വിമാനത്താവലത്തിലെ കാര്‍ഗോയില്‍ നിന്നാണ് ഏകദേശം 400 കിലോ ഭാരം വരുന്ന 6600 സ്വര്‍ണക്കട്ടികള്‍ കടത്തിയത്. ഏകദേശം രണ്ട് കോടിയിലേറെ ഡോളര്‍ മൂല്യമുള്ള സ്വര്‍ണമാണ് കവര്‍ന്നത്. കേസില്‍ പ്രധാന പരാതിയായ കിംഗ്-മക്ലീനെ സഹായിച്ചതിനാണ് പരമലിംഗത്തെ അറസ്റ്റ് ചെയ്തത്. കിംഗ്-മക്ലീനും പരമലിംഗവും അന്താരാഷ്ട്ര തോക്ക് കടത്ത് ഗൂഢാലോചന നടത്തിയതിന് അമേരിക്കയില്‍ കുറ്റാരോപിതരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിരുന്നു. കിംഗ്-മക്ലീന്‍ അമേരിക്കയില്‍ കസ്റ്റഡിയില്‍ തുടരുകയാണ്. എന്നാല്‍ കവര്‍ച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി കാനഡയിലേക്ക് മക്ലീനിനെ കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നുണ്ട്.
പ്രോജക്ട് 24 കാരറ്റ് എന്ന് പേരിട്ട അന്വേഷണത്തില്‍ 2024 ഏപ്രിലില്‍, കേസില്‍ ഉള്‍പ്പെട്ട ബ്രാംപ്ടണ്‍ സ്വദേശിയും എയര്‍ കാനഡ ജീവനക്കാരനുമായിരുന്ന പരംപാല്‍ സിന്ധു(54), ഓക് വില്‍ സേദേശി അമിത്ത് ജലോട്(40), ജോര്‍ജ് ടൗണ്‍ സ്വദേശി അമാഡ് ചൗധരി(43), ടൊറന്റോ സ്വദേശിയും ജ്വല്ലറി ഉടമയുമായ അലി റാസ(37), ബ്രാംപ്ടണ്‍ സ്വദേശി പ്രശാന്ത് പരമലിംഗം(35) എന്നിവര്‍ അറസ്റ്റിലായിരുന്നു.