കുടിയേറ്റക്കാരുടെ പുനരധിവാസത്തിന് താല്കാലിക ഭവനപദ്ധതികളുമായി കനേഡിയൻ നഗരങ്ങൾ

By: 600110 On: Nov 21, 2024, 2:04 PM

കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും എണ്ണം വർധിച്ചതോടെ താല്കാലിക ഭവന നിർമ്മാണ പദ്ധതികളുമായി ചില കനേഡിയൻ നഗരങ്ങൾ. ഓട്ടവ ഭരണകൂടമാണ് സമീപകാലത്ത് ഇത്തരമൊരു താല്കാലിക ഭവന പദ്ധതിയുമായി രംഗത്തെത്തിയത്. താമസത്തിന് പുറമെ ഭാഷാ പരിശീലനവും തൊഴിൽ സഹായവും പോലുള്ള സേവനങ്ങൾ നൽകുന്നതിനുള്ള കേന്ദ്രമെന്ന നിലയിൽക്കൂടി ഇവയൊരുക്കുന്നത്. 

കൂടുതൽ അനുയോജ്യമായ വീടുകളിലേക്ക് മാറുന്നതിന് മുമ്പ് അഭയാർത്ഥികളെ, അവരുടെ ആദ്യത്തെ ഏതാനും ആഴ്ചകൾ താമസിപ്പിക്കാനാണ് ഈ കേന്ദ്രങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്. നഗരത്തിൻ്റെ പടിഞ്ഞാറൻ ഭാഗങ്ങളിലായി രണ്ട് സ്ഥലങ്ങൾ ഇത്തരം  കേന്ദ്രങ്ങൾ പണിയുന്നതിനായി കണ്ടെത്തിയിട്ടുണ്ട്.പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന്  ആദ്യം താൽക്കാലിക ഭവനങ്ങൾ  നിർമ്മിക്കാൻ കണ്ടെത്തിയ സ്ഥലത്ത് നിന്ന് അധികാരികൾ പിൻമാറിയിരുന്നു. നേപ്പിയൻ സ്‌പോർട്‌സ്‌പ്ലെക്‌സിന് സമീപമുള്ള ഫെഡറൽ ഗവൺമെൻ്റിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് ഇപ്പോൾ ഭവന നിർമ്മാണത്തിന് കണ്ടെത്തിയ  സ്ഥലങ്ങളിൽ ഒന്ന്. മറ്റൊന്ന് കനാറ്റയുടെ പടിഞ്ഞാറൻ പ്രദേശത്തുമാണ്. 2024 സെപ്തംബർ 30 വരെ കാനഡയിൽ ഏകദേശം 250,000 അഭയാർത്ഥികൾ ഉണ്ടായിരുന്നു.ജനുവരി മുതൽ സെപ്റ്റംബർ അവസാനം വരെ 33,000-ത്തിലധികം ക്ലെയിമുകൾ അംഗീകരിച്ചിരുന്നു