മിനിമം വേതനം വര്‍ധിപ്പിക്കുന്നത് പരിഗണനയില്‍ ഇല്ലെന്ന് ആല്‍ബെര്‍ട്ട 

By: 600002 On: Nov 21, 2024, 10:50 AM

 

 

മണിക്കൂറിന് 15 ഡോളര്‍ മിനിമം വേതനം മതിയാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടും പ്രവിശ്യയിലെ മിനിമം വേതനം വര്‍ധിപ്പിക്കുന്നത് ആല്‍ബെര്‍ട്ട സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് റിപ്പോര്‍ട്ട്. എഡ്മന്റണില്‍ 20.85 ഡോളറും കാല്‍ഗറിയില്‍ 24.45 ഡോളറുമായാണ് ആല്‍ബെര്‍ട്ട ലിവിംഗ് വേജ് നെറ്റ്‌വര്‍ക്ക് കണക്കാക്കുന്നത്. എന്നാല്‍ ആല്‍ബെര്‍ട്ടയിലെ തൊഴിലാളികള്‍ക്ക് ജോലിയില്‍ പ്രവേശിക്കാനും അനുഭവസമ്പത്ത് നേടാനും വിദ്യാഭ്യാസം, സ്‌കില്‍സ്, വരുമാനം എന്നിവയില്‍ മുന്നേറാനും കഴിയുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് തങ്ങളുടെ മുന്‍ഗണന എന്ന് തൊഴില്‍ മന്ത്രി മാറ്റ് ജോണ്‍സ് പറഞ്ഞു. 

എന്നാല്‍ ഭാവിയിലെ വര്‍ധനയെ പണപ്പെരുപ്പവുമായി ബന്ധിപ്പിക്കുന്നതൊനൊപ്പം മിനിമം വേതന വ്യവസ്ഥയും പരിഗണിക്കണമെന്ന് എന്‍ഡിപി പറയുന്നു. എല്ലാ ദിവസവും ജോലിക്ക് പോകുന്നയാളുകള്‍ കഠിനാധ്വാനം ചെയ്യുന്നുണ്ട്. അവര്‍ക്ക് സാമ്പത്തിക ഭയമില്ലാതെ ജീവിതം നയിക്കാന്‍ അര്‍ഹതയുണ്ടെന്നും പ്രവിശ്യാ സര്‍ക്കാര്‍ എപ്പോഴും ജോലിക്കാരോട് അവജ്ഞ കാണിക്കുന്നതായും ആല്‍ബെര്‍ട്ട എന്‍ഡിപി നേതാവ് നഹീദ് നെന്‍ഷി പ്രതികരിച്ചു. 

2018 മുതല്‍ ആല്‍ബെര്‍ട്ടയുടെ മിനിമം വേതനം മണിക്കൂറിന് 15 ഡോളറാണ്. കാനഡയില്‍ ഏറ്റവും കുറവ് മിനിമം വേതനം ആല്‍ബെര്‍ട്ടയിലും സസ്‌ക്കാച്ചെവനിലുമാണ്. ഒന്റാരിയോയിലും ബീസിയിലും മണിക്കൂറിന് 17 ഡോളറിന് മുകളിലാണ് മിനിമം വേതനം.