കാനഡയിലെ യുവാക്കളില്‍ തൊഴിലില്ലായ്മ രൂക്ഷം; രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കോടിക്കണക്കിന് ഡോളര്‍ നഷ്ടം വരുമെന്ന് റിപ്പോര്‍ട്ട് 

By: 600002 On: Nov 20, 2024, 11:10 AM

 

 


കാനഡയിലെ യുവാക്കളില്‍ തൊഴിലില്ലായ്മ രൂക്ഷമാകുന്നതായി കിംഗ്‌സ് ട്രസ്റ്റ് കാനഡ കമ്മീഷന്‍ ചെയ്ത ഡെലോയിറ്റ് റിപ്പോര്‍ട്ട്. 2012 ന് ശേഷം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത നിരക്കിലേക്കാണ് തൊഴിലില്ലായ്മ എത്തിയതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇത് അടുത്ത ദശകത്തില്‍ കനേഡിയന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് കോടിക്കണക്കിന് ഡോളര്‍ നഷ്ടം വരുത്തിവെക്കുമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. ഓഗസ്റ്റില്‍ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 14.5 ശതമാനത്തിലെത്തിയതായാണ് കണക്കുകള്‍. 2012 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 

തൊഴിലില്ലായ്മ പരിഹരിക്കുന്നതില്‍ പരാജയപ്പെടുന്നത് 2024 ഓടെ ജിഡിപി വളര്‍ച്ചയില്‍ രാജ്യത്തിന് 18.5 ബില്യണ്‍ ഡോളറിന്റെ നഷ്ടമാക്കുമെന്ന് റിപ്പോര്‍ട്ടില്‍ കണ്ടെത്തി. കൂടാതെ യുവാക്കളുടെ തൊഴിലില്ലായ്മയില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ സര്‍ക്കാരിന് 5.3 ബില്യണ്‍ ഡോളറിന്റെ വരുമാന നഷ്ടമുണ്ടാകുമെന്നും റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് കിംഗ്‌സ് ട്രസ്റ്റ് കാനഡയുടെ സിഇഒ ഫറ മുഹമ്മദ് പറഞ്ഞു. 

29 വയസ്സിന് താഴെ പ്രായത്തിലുള്ള വിഭാഗത്തില്‍ തൊഴിലില്ലായ്മ വളരെ ഉയര്‍ന്ന തലത്തിലാണെന്നാണ് കണക്കുകള്‍, ഓഗസ്റ്റില്‍ 14.5 ശതമാനം. ഇത് ജോലി ചെയ്യുന്ന പ്രായത്തിലുള്ള സാധാരണ ജനസംഖ്യയുടെ അതേമാസത്തെ 6.6 ശതമാനത്തിന്റെ ഇരട്ടിയാണ്. തൊഴിലില്ലായ്മ പരിഹരിക്കാനുള്ള നിഷ്ടക്രിയത്വം മാനസികാരോഗ്യം മോശമാകുന്നതും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും ഉള്‍പ്പെടെയുള്ള അനന്തരഫലങ്ങള്‍ ഉണ്ടാക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.