മനുഷ്യക്കടത്തുകാരന് പുതിയ പാസ്പോർട്ട്, സുരക്ഷാവീഴ്ചയിൽ കനേഡിയൻ സർക്കാരിനെതിരെ വിമർശനങ്ങളുയരുന്നു

By: 600110 On: Nov 20, 2024, 10:07 AM

 

മനുഷ്യക്കടത്തുകാരന് പുതിയ പാസ്പോർട്ട് നൽകി കനേഡിയൻ സർക്കാർ. മനുഷ്യക്കടത്ത് കേസിൽ പിടിക്കപ്പെട്ട തെസിംഗരശൻ എന്നയാൾക്കാണ് പുതിയ പാസ്പോർട്ട് അനുവദിച്ചത്. ജാമ്യം അനുവദിക്കുന്നതിൻ്റെ ഭാഗമായി യാത്രാരേഖകൾ ഹാജരാക്കാൻ കോടതി ഇയാളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾക്ക് പുതിയ പാസ്പോർട്ട് നൽകിയതായി കണ്ടെത്തിയത്. സി ബി സി ന്യൂസാണ് ഇതു സംബന്ധിച്ച വാർത്തകൾ പുറത്തു വിട്ടത്. 

തെസിംഗരശൻ്റെ മോൺട്രിയയിലെ വസതിയിൽ ആർസിഎംപി നടത്തിയ പരിശോധനയിലാണ്  2023 ജൂണിൽ പുതിയ പാസ്‌പോർട്ട് കണ്ടെത്തിയത്. ആ സമയത്ത്  ശ്രീലങ്കൻ പൗരനെ കടത്തിയതിനും ഒപ്പം ഇമിഗ്രേഷൻ ആൻ്റ് റെഫ്യൂജി പ്രൊട്ടക്ഷൻ ആക്റ്റ് ലംഘിച്ചതിനും  ശിക്ഷാവിധി കാത്ത്, കർശനമായ വ്യവസ്ഥകളോടെ വീട്ടിൽ കഴിയുകയായിരുന്നു തെസിംഗരശൻ. 
സംഭവം വാർത്തയായതോടെ വിമർശനങ്ങളുമുയരുന്നുണ്ട്. മനുഷ്യക്കടത്ത് കേസിൽ കുറ്റവാളിയെന്ന് കണ്ടെത്തിയ ആൾക്ക് പുതിയ പാസ്പോർട്ട് അനുവദിച്ചത് ഗുരുതരമായ പിഴവാണെന്ന് എംപിയായ ടോം കമെക് ആരോപിച്ചു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട അടിസ്ഥാന  കാര്യങ്ങളിൽ പോലും ഇത്തരം പിഴവുകളുണ്ടാകുന്നത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.