മോസ്കോ: രാജ്യത്തേക്ക് യുക്രൈൻ ദീര്‍ഘദൂര മിസൈൽ ആക്രമണം നടത്തിയതായി റഷ്യ. ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കുന്നതില്‍ യുക്രൈന് മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് യുഎസ് നീക്കിയതിന് പിന്നാലെ യുഎസ് നിർമ്മിത എടിഎസിഎംഎസ് മിസൈൽ ആക്രമണം നടന്നത്. റഷ്യയുടെ ബ്രയാൻസ്ക് മേഖലയിലേക്ക് മിസൈലുകൾ യുക്രൈൻ തൊടുത്തുവിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചതായി സിഎൻഎൻ റിപ്പോര്‍ട്ട് ചെയ്യുന്നു.
റഷ്യയിലേക്ക് ദീർഘദൂര അമേരിക്കൻ ആയുധങ്ങൾ ഉപയോഗിക്കുന്നതിന് ബൈഡൻ ഭരണകൂടം കൈവിന് പച്ചക്കൊടി നൽകിയതിന് രണ്ട് ദിവസത്തിന് ശേഷമാണ് ആക്രമണം നടന്നത്. റിപ്പോർട്ടിനോട് കിവ് ഇതുവരെ പ്രതികരിച്ചിട്ടില്ല. റഷ്യയ്ക്കകത്തെ സൈനിക കേന്ദ്രങ്ങളെ അടക്കം ലക്ഷ്യമിട്ടുള്ള ആക്രമണം നടത്താൻ യുക്രൈൻ ആദ്യമായാണ് ദീർഘദൂര അമേരിക്കൻ ആയുധങ്ങൾ ഉപയോഗിക്കുന്നത്.
പ്രാദേശിക സമയം ചൊവ്വാഴ്ച പുലർച്ചെ 3:25 ന് ബ്രയാൻസ്കിലെ ഒരു കേന്ദ്രത്തിലേക്ക് യുക്രൈൻ ആറ് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതായാണ് മന്ത്രാലയം അറിയിക്കുന്നത്. അമേരിക്കൻ നിർമ്മിത എടിഎസിഎംഎസ് മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. അഞ്ച് മിസൈലുകൾ ആക്രമിച്ചു തകർത്തു. മറ്റൊന്ന് തകർന്നുവീണു. തകർന്ന മിസൈലിന്റെ ഭാഗങ്ങൾ സൈനിക കേന്ദ്രത്തിനടുത്ത് പതിച്ച് തീപിടിത്തത്തിന് കാരണമായി. അത് അണച്ചു. ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും റഷ്യൻ വ്യോമ പ്രതിരോധ സേന അറിയിച്ചു.