ആൽബർട്ട പ്രവിശ്യയിലെ പുതിയ ആശുപത്രി ഏജൻസി അടുത്ത വസന്തകാലത്ത് പ്രവർത്തനക്ഷമമാകുമെന്ന് ആരോഗ്യമന്ത്രി അഡ്രിയാന ലാഗ്രാഞ്ച്. അക്യൂട്ട് കെയർ ആൽബർട്ട എന്നാണ് പുതിയ ഏജൻസിയുടെ പേര്. ആരോഗ്യ മേഖലയിൽ യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടി സർക്കാർ നടപ്പാക്കുന്ന സമഗ്ര പരിഷ്കാരങ്ങളുടെ ഭാഗമായാണ് നടപടി.
നിലവിൽ ആൽബർട്ട ഹെൽത്ത് സർവീസസും കോവിൻ്റ് ഹെൽത്തുമാണ് ആശുപത്രികൾ കൈകാര്യം ചെയ്യുന്നത്. എന്നാൽ ഒരു സർജനെ കാണാൻ പോലും ആളുകൾക്ക് ഒട്ടേറെ കാത്തിരിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും, ഇത് മനസിലാക്കിയാണ് പുതിയ മാറ്റങ്ങളെന്നും കൂടുതൽ സ്പെഷ്യലിസ്റ്റുകളുടെ സേവനം വർദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പുതിയ ഏജൻസി ഒരു മേൽനോട്ട സമിതി മാത്രമായിരിക്കും. ആൽബർട്ട ഹെൽത്ത് സർവീസസും കോവിൻ്റ് ഹെൽത്തും തങ്ങളുടെ എക്സിക്യൂട്ടീവ് ടീമുകളെയും ബോർഡുകളെയും സ്റ്റാഫിനെയും നിലനിർത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ രംഗത്ത് വലിയ നവീകരണമാണ് യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടി സർക്കാർ ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഭാഗമായാണ് ആൽബർട്ട ഹെൽത്ത് സർവീസസിനെ വിഭജിക്കുന്നത്. 2025-ന് മുമ്പ് നാല് പുതിയ ഏജൻസികളെയും പ്രവർത്തനക്ഷമമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിൽ ആദ്യത്തേതായി റിക്കവറി ആൽബർട്ട സെപ്റ്റംബറിലും പ്രൈമറി കെയർ ആൽബർട്ട തിങ്കളാഴ്ചയും പ്രവർത്തനം തുടങ്ങിയിരുന്നു. അതേ സമയം തുടർ പരിചരണത്തിന് ഉത്തരവാദിത്തമുള്ള ഏജൻസി എന്ന് തുടങ്ങും എന്നത് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.