കാനഡയിൽ ഐഎസ്ഐഎസുമായി ബന്ധപ്പെട്ട അറസ്റ്റുകൾ വർദ്ധിക്കുന്നു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ അറസ്റ്റുകൾ നടന്നിട്ടുണ്ട്. ഈ വർഷം ഇതുവരെ ഇരുപത് പ്രതികളെയാണ് ISIS ബന്ധത്തിൽ അറസ്റ്റ് ചെയ്തത്.സിറിയയിൽ പരാജയപ്പെട്ട് അഞ്ച് വർഷത്തിന് ശേഷം,ISIS തിരിച്ചുവരുന്നതായാണ് കനേഡിയൻ സർക്കാറിൻ്റെ തന്നെ ഒരു റിപ്പോർട്ടിൽ പറയുന്നത്.
2023 ജൂൺ 15-ന്, പോലീസ് കാൽഗറിയിലെ ഒരു വീട്ടിൽ നടത്തിയ തിരച്ചലിൽ ഒരു ISIS പതാക, മൂന്ന് കത്തികൾ, ബോംബ് നിർമ്മാണത്തിനുള്ള നിർദ്ദേശങ്ങൾ, സ്വവർഗ്ഗാനുരാഗികളെ കൊല്ലുന്നതിനുള്ള പ്രത്യയശാസ്ത്ര ലഘുലേഖകൾ എന്നിവ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ തെരച്ചിലും വ്യാപിപ്പിച്ചിരുന്നു. നഗരത്തിലെ ഒരു മാസം നീണ്ടുനിൽക്കുന്ന പ്രൈഡ് ആഘോഷങ്ങൾക്കിടെ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി ISIS ചേർന്ന് പ്രവർത്തിക്കുന്ന സക്കറിയ റിദ ഹുസൈൻ വ്യക്തമാക്കായിരുന്നു. തുടർന്ന് ഓട്ടവയിലെയും ടൊറൻ്റോയിലെയും ISIS ആക്രമണ പദ്ധതികൾ പൊലീസ് ഇല്ലാതാക്കുകയും ചെയ്തു. ന്യൂയോർക്കിൽ കൂട്ട വെടിവയ്പ്പ് ആസൂത്രണം ചെയ്തതായി ആരോപിക്കപ്പെടുന്ന ഒരാളെ ക്യൂബെക്കിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതെല്ലാം ISIS കാനഡയുടെ വിവിധയിടങ്ങളിൽ പ്രവർത്തനം ശക്തമാക്കുന്നതിൻ്റെ സൂചനകളാണെന്ന് ഭരണകൂടം ആശങ്കപ്പെടുന്നു .