ക്രിസ്മസ് പിടിക്കാന്‍ അവൻ വരുന്നു, ബറോസ്; കാത്തിരുന്ന ട്രെയിലറിന് ഇനി മണിക്കൂറുകൾ

By: 600007 On: Nov 19, 2024, 8:03 AM

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസാകുന്നു. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ട്രെയിലർ പുറത്തുവിടും. മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വെർച്വൽ ത്രീഡി ട്രെയിലർ ആകും റിലീസ് ചെയ്യുക. പുതിയ അപ്‍​ഡേറ്റ് പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രം​ഗത്ത് എത്തുന്നത്. ബറോസ് ക്രിസ്മസ് റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. 


നാല്പത്തി നാല് വർഷം നീണ്ട തന്റെ അഭിനയ ജീവിതത്തിൽ നിന്നും ഉൾകൊണ്ട പാഠങ്ങളുമായാണ് മോഹൻലാൽ സിനിമ സംവിധാനത്തിലേക്ക് തിരിഞ്ഞത്. മുണ്ടും മടക്കിക്കുത്തി, മീശ പിരിച്ച്, മാസ് ഡയലോ​ഗുകളുമായി പ്രേക്ഷകരെ ത്രസിപ്പിച്ച അദ്ദേഹത്തിന്റെ സംവിധാനം എങ്ങനെ ഉണ്ടെന്നറിയാൻ മലയാളികളും കാത്തിരിക്കുന്നു. 

2024 ഓണം റിലീസായി സെപ്റ്റംബർ 12ന് ബറോസ് എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പിന്നീടത് മാറ്റി. പിന്നാലെ ഒക്ടോബർ മൂന്നിന് റിലീസ് ചെയ്യുമെന്നും മോഹൻലാൽ ഔദ്യോ​ഗികമായി അറിയിച്ചു. പക്ഷേ ഇതും മാറ്റുക ആയിരുന്നു. അനൗദ്യോ​ഗിക വിവരം പ്രകാരം ബറോസ് ക്രിസ്മസ് റിലീസായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയേക്കും. ജിജോ പുന്നൂസിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം 100 കോടി ബജറ്റിലാണ് ഒരുങ്ങുന്നതെന്നാണ് വിവരം. എമ്പുരാന്‍, കണ്ണപ്പ, തുടരും, വൃഷഭ തുടങ്ങിയ സിനിമകളാണ് മോഹന്‍ലാലിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്. 

 

അതേസമയം, മഹേഷ് നാരയണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ഒപ്പം മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ഉണ്ട്. ശ്രീലങ്കയില്‍ വച്ചാണ് ഷൂട്ടിംഗ് നടക്കുക ഇതിനായി താരങ്ങള്‍ ലൊക്കേഷനില്‍ എത്തിക്കഴിഞ്ഞു. ഇവിടെ നിന്നുള്ള ഫോട്ടോകള്‍ സോഷ്യല്‍ ലോകത്ത് വൈറലാണ്. എമ്പുരാന്‍, വൃഷഭ, കണ്ണപ്പ തുടങ്ങിയ സിനിമകളാണ് മോഹന്‍ലാലിന്‍റേതായി റിലീസിന് ഒരുങ്ങുന്നത്.