അമേരിക്കയില്‍ 18 ഓളം സംസ്ഥാനങ്ങളില്‍ ഓര്‍ഗാനിക് കാരറ്റുകളുമായി ബന്ധപ്പെട്ട് ഇ കോളി ബാക്ടീരിയ പൊട്ടിപ്പുറപ്പെട്ടതായി റിപ്പോര്‍ട്ട്. രോഗം ബാധിച്ച് ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് അണുബാധയുണ്ടാവുകയും ചെയ്തതായി യുഎസ് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി) സ്ഥിരീകരിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും സിഡിസി അറിയിച്ചു. സിഡിസിയുടെ കണക്കുകള്‍ പ്രകാരം സെപ്റ്റംബര്‍ ആദ്യം മുതല്‍ കുറഞ്ഞത് 39 ഇ കോളി കേസുകള്‍ കാരറ്റുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം മൂര്‍ച്ഛിച്ച് ഒരാള്‍ മരിക്കുകയും ചെയ്തു. അണുബാധ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഓര്‍ഗാനിക് കാരറ്റുകളും ബേബി കാരറ്റുകളും സിഡിസി തിരിച്ചുവിളിച്ചു.
ഗ്രിംവേ ഫാംസ്, സ്പ്രൗട്ട്‌സ്, ട്രേഡര്‍ ജോസ്, വെഗ്മാന്‍സ്, ഗുഡ് ആന്‍ഡ് ഗതര്‍ എന്നീ ബ്രാന്‍ഡുകളില്‍ വില്‍പ്പന നടത്തിയ കാരറ്റുകളാണ് ഇ കോളി വ്യാപനത്തിന് കാരണമായതെന്നാണ് കണ്ടെത്തല്‍. കാരറ്റ് വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്തവരില്‍ ഇ കോളി വ്യാപനം നടന്നിട്ടുണ്ടോ എന്ന് നാലാഴ്ചയ്ക്ക് ശേഷം മാത്രമേ വ്യക്തമാകൂ എന്ന് സിഡിസി വ്യക്തമാക്കി.
കാരറ്റ് വാങ്ങിയവര്‍ അത് ഉപേക്ഷിക്കുകയോ സ്‌റ്റോറിലേക്ക് തിരികെ നല്‍കുകയോ ചെയ്യണമെന്ന് സിഡിസി അറിയിച്ചു. കാരറ്റുകള്‍ കൈ കൊണ്ട് എടുത്തവര്‍ പോലും കൃത്യമായ സാനിറ്റേഷന്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കി.