കനേഡിയന്‍ പൗരത്വത്തിന്റെ പേരില്‍ നേരത്തെ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടയാളാണ് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. കനേഡിയന്‍ പൗരത്വം ഉപേക്ഷിച്ച് അക്ഷയ് കുമാര്‍ ഇപ്പോള്‍ ഔദ്യോഗികമായി ഇന്ത്യന്‍ പൗരനാണ്. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കത്തിനിടയില്‍ കനേഡിയന്‍ പൗരത്വത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് നടന്‍. തന്റെ സിനിമകള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാതെ പരാജയപ്പെടുന്ന ഏറെ വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലാണ് താന്‍ കനേഡിയന്‍ പൗരത്വം നേടിയതെന്ന് അദ്ദേഹം വിശദീകരിച്ചു. കാനഡയില്‍ കാര്‍ഗോയില്‍ ജോലി ചെയ്യാനാണ് താന്‍ ശ്രമിച്ചത്. എന്നാല്‍ പിന്നീട് തന്റെ ചില സിനിമകള്‍ വിജയിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യ തന്നെയാണ് തന്റെ തട്ടകം എന്ന് ഉറപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
''കനേഡിയന്‍ പൗരത്വം ഉണ്ടായിരുന്നിട്ടും ഇന്ത്യയുമായി എല്ലായ്‌പ്പോഴും ആഴത്തിലുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നത്. എന്റെ ഹൃദയത്തില്‍ നിന്നും ആത്മാവില്‍ നിന്നും എന്നും എപ്പോഴും ഞാന്‍ ഇന്ത്യക്കാരനായിരിക്കും'' -അദ്ദേഹം പറയുന്നു. അങ്ങനെയാണ് കനേഡിയന്‍ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യന്‍ പൗരനായി തന്നെയായിരിക്കാന്‍ തീരുമാനിച്ചതെന്നും അക്ഷയ്കുമാര്‍ വ്യക്തമാക്കി. പാന്‍ഡെമിക് സമയത്തിനും വളരെ കാലം മുമ്പ് ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിച്ചിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ വര്‍ഷം മാത്രമാണ് പൗരത്വം നേടാനായതെന്നും ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ലഭിച്ചതെന്നും അക്ഷയ്കുമാര്‍ പങ്കുവെച്ചു.