ജെറുസലേം: പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ വീട്ടുമുറ്റത്ത് തീജ്വാലകൾ പതിച്ച സംഭവത്തിൽ തിരിച്ചടിക്കുമെന്ന് ഇസ്രായേൽ. ആക്രമണത്തിൽ അന്വേഷണം ആരംഭിച്ചതായി സൈന്യം അറിയിച്ചു. ശനിയാഴ്ചയാണ് സംഭവം. സംഭവത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. രണ്ട് ഫ്ലാഷ് ബോംബുകളാണ് വീട്ടുമുറ്റത്ത് പതിച്ചത്. ഗുരുതര സുരക്ഷാ വീഴ്ചയായിട്ടാണ് ഇതിനെ കാണുന്നത്.
സിസേറിയയിലെ നെതന്യാഹുവിന്റെ സ്വകാര്യ വസതിയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രായൽ സൈന്യം വ്യക്തമാക്കി. സംഭവം ഞെട്ടിക്കുന്നതാണെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്ക് വൻതിരിച്ചടി നൽകുമെന്നും പ്രസിഡന്‍റ് മുന്നറിയിപ്പ് നൽകി. നെതന്യാഹുവിനെ വകവരുത്താനുള്ള നീക്കമാണ് നടന്നതെന്ന് മന്ത്രിമാരും പ്രതികരിച്ചു. കഴിഞ്ഞ മാസം ഹിസ്ബുല്ലയുടെ ഡ്രോൺ ആക്രമണത്തിൽ നെതന്യാഹുവിന്റെ വീടിന് കേടുപാടുകൾ സംഭവിച്ചിരുന്നു
അതിനിടെ, ഹിസ്ബുല്ലയുമായി കരയുദ്ധം ശക്തമാക്കിയ ഇസ്രായേൽ ലബനാനിലെ തന്ത്രപ്രധാനമായ മേഖലയിൽ കടന്നതായി റിപ്പോർട്ടുണ്ട്. ഇസ്രായേൽ അതിർത്തിയിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള ലബനാൻ ഗ്രാമമായ ശാമായിലെ കുന്നിലാണ് സൈന്യം എത്തിയത്.