കാനഡയിലെ കുടിയേറ്റക്കാര്‍ തങ്ങളുടെ ആചാരങ്ങളും പാരമ്പര്യങ്ങളും ഉപേക്ഷിക്കണമെന്ന് ആല്‍ബെര്‍ട്ടയില്‍ നാലിലൊന്ന് പേരും വിശ്വസിക്കുന്നതായി അസോസിയേഷന്‍ ഫോര്‍ കനേഡിയന്‍ സ്റ്റഡീസിന്(ACS) വേണ്ടി ലെഗര്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തി. കാനഡയിലെ കുടിയേറ്റത്തെയും ഐഡന്റിറ്റികളെയും കുറിച്ച് ആല്‍ബെര്‍ട്ടയിലെയും കാനഡയിലെയും ജനങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ചില കാഴ്ചപ്പാടുകളിലേക്ക് വെളിച്ചം വീശുന്ന റിപ്പോര്‍ട്ടാണിത്. രാജ്യത്തുടനീളമുള്ള കനേഡിയന്‍ പൗരന്മാരില്‍ പകുതി പേരും ഇതേ വീക്ഷണം പുലര്‍ത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇതേ അഭിപ്രായം പ്രകടിപ്പിച്ച പ്രവിശ്യകളില്‍ മുന്നില്‍ ക്യുബെക്കാണ്, 33 ശതമാനം പേര്‍. അറ്റ്‌ലാന്റിക് കാനഡ 25 ശതമാനം, ബ്രിട്ടീഷ് കൊളംബിയ 21 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍.
18 വയസ്സ് മുതല്‍ 34 വയസ്സ് പ്രായം വരെയുളള യുവാക്കള്‍ ഈ ചോദ്യത്തോട് വിയോജിച്ചു. 65 ശതമാനം പേര്‍ കുടിയേറ്റക്കാര്‍ അവരുടെ ആചാരങ്ങളും പാരമ്പര്യങ്ങളും ഉപേക്ഷിക്കണമെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ 35 മുതല്‍ 54 വയസ് വരെ പ്രായമുള്ളവരില്‍ 57 ശതമാനം പേര്‍ ഉപേക്ഷിക്കേണ്ടെന്ന് പറഞ്ഞു. ആല്‍ബെര്‍ട്ടയില്‍ നാലില്‍ മൂന്ന് പേര്‍ ആചാരങ്ങളും പാരമ്പര്യങ്ങളും കുട്ടികള്‍ക്ക് കൈമാറുന്നത് പ്രധാനമാണെന്ന് സമ്മതിക്കുന്നുവെന്നും സര്‍വേയില്‍ കണ്ടെത്തി.