രോഗികളുടെ എണ്ണം പ്രതിദിനം വര്‍ധിക്കുന്നതിനാല്‍ അടിയന്തരമല്ലാത്ത സാഹചര്യത്തില്‍ പരമാവധി കുട്ടികളെ എമര്‍ജന്‍സി റൂമുകളില്‍ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന് രക്ഷിതാക്കളോട് ആവശ്യപ്പെട്ട് മോണ്‍ട്രിയലിലെ രണ്ട് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലുകള്‍. വൈറസ് ബാധകളും ശ്വാസകോശ സംബന്ധമായ അണുബാധകളും മൂലം രോഗബാധിതരായവര്‍ ആശുപത്രികളിലേക്ക് എത്തുന്നത് വര്‍ധിച്ചതോടെ എമര്‍ജന്‍സി റൂമുകളില്‍ സമ്മര്‍ദ്ദമുണ്ടാകുന്നുണ്ടെന്നും അതിനാല്‍ കുട്ടിയുടെ അവസ്ഥയ്ക്ക് അടിയന്തര പരിചരണം ആവശ്യമില്ലാത്ത ഘട്ടത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന് CHU സെന്റ്-ജസ്റ്റിന്‍, മോണ്‍ട്രിയല്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍(MCH) എന്നീ ആശുപത്രി മാനേജ്‌മെന്റുകള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വൈദ്യസഹായം ആവശ്യമുള്ള ഒരു കുട്ടിയെയും പരിഗണിക്കാതിരിക്കില്ല. എങ്കിലും ജലദോഷം, ഇന്‍ഫ്‌ളുവന്‍സ, ഗ്യാസ്‌ട്രോഎന്റൈറ്റിസ്, നേരിയ രോഗ ലക്ഷണങ്ങള്‍ എന്നിവയുള്ള കുട്ടികള്‍ എമര്‍ജന്‍സി റൂമിലെത്തിയാല്‍ ഡോക്ടറെ കാണുന്നതിന് നിരവധി മണിക്കൂര്‍ കാത്തിരിക്കേണ്ടി വരുമെന്നും CHU സെന്റ് ജസ്റ്റിന്‍ മെഡിക്കല്‍ ചീഫ് ഡോ. അന്റോണിയോ ഡി ആഞ്ചലോ പറഞ്ഞു. അടിയന്തര പരിചരണം ആവശ്യമുള്ള രോഗികള്‍ക്കായി അടിയന്തര സേവനങ്ങള്‍ റിസവര്‍വ് ചെയ്യണമെന്ന് MCH എമര്‍ജന്‍സി ഡയറക്ടര്‍ ഡോ. ഹാര്‍ലി എസ്മാന്‍ അറിയിച്ചു. ഗുരുതരമായ അസുഖമോ മറ്റ് പരുക്കുകളോ ഇല്ലാത്ത കുട്ടികള്‍ക്ക് 8-1-1 എന്ന ലൈനിലേക്ക് വിളിച്ചോ അല്ലെങ്കില്‍ വാക്ക്-ഇന്‍ ക്ലിനിക്കുകള്‍ പോലുള്ള മറ്റ് പരിഹാര മാര്‍ഗങ്ങള്‍ പരിഗണിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.