ഭവനനിർമ്മാണ പെർമിറ്റുകൾ വേഗത്തിലാക്കാൻ ഓൺലൈൻ സംവിധാനവുമായി ആൽബർട്ട സർക്കാർ

By: 600110 On: Nov 15, 2024, 2:01 PM

 

ഭവന നിർമ്മാണങ്ങളിലെ  കാലതാമസം കുറയ്ക്കാൻ ആൽബർട്ട സർക്കാർ പുതിയ ഓൺലൈൻ പോർട്ടൽ ആരംഭിച്ചു. നിയമത്തിലെ ചില തടസ്സങ്ങൾ ഒഴിവാക്കാൻ വേണ്ടി  കൂടിയാണ് പുതിയ സംവിധാനം.

പെർമിറ്റ് പ്രോസസ്, ബിൽഡിംഗ് കോഡ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ പോർട്ടൽ  സഹായകമാകുമെന്ന്  ബിൽഡ് ആൽബർട്ട സിഇഒ സ്കോട്ട് ഫാഷ് പറഞ്ഞു. പല പെർമ്മിറ്റുകളും കിട്ടുന്നതിലുള്ള കാലതാമസം മൂലം  വീടു പണികളുടെ ചെലവ് പത്ത് ശതമാനത്തോളം കൂടുന്നുണ്ടെന്ന് ഫാഷ് പറഞ്ഞു. ഒരു മാസം കൊണ്ട് പൂർത്തികരിക്കേണ്ട പണികൾ  ആറ് മാസം മുതൽ എട്ട് മാസം വരെ നീളുന്നതായും അദ്ദേഹം പറഞ്ഞു. കാൽഗറിയിൽ വീടുകളുടെ വില കുതിച്ചുയരുന്നത് കാരണം പല വാടകക്കാരും സ്വന്തം വീടെന്ന സ്വപ്നം ഉപേക്ഷിക്കുകയാണ്. 

ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റിയുടെ സർവേ പ്രകാരം കാനഡയിൽ  84 ശതമാനം പേർക്കും സ്വന്തമായി വീടെന്നത് ഒരു ആഡംബരമായി മാറി.  വാടകയ്‌ക്ക് താമസിക്കുന്ന  88 ശതമാനം പേരും  തങ്ങൾക്ക് ഭാവിയിൽ സ്വന്തമായി ഒരു വീട് ഉണ്ടായേക്കില്ലെന്ന ആശങ്ക അനുഭവിക്കുന്നവരാണ്.   നഗരത്തിലെ വർദ്ധിച്ചു വരുന്ന ഭവന രംഗത്തെ പ്രതിസന്ധി ശരാശരി വാടക വിലയെയും ബാധിക്കുന്നുണ്ടെന്ന് കാൽഗറിയിലെ ഉദ്യോഗസ്ഥർ പറയുന്നു. വാടകച്ചെലവ് പരിഹരിക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്ന് ACORN കാനഡ നിരന്തരം സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. വാടക വിലയിൽ പരിധി ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്   ഓർഗനൈസേഷൻ കാൽഗറി ചാപ്റ്റർ റാലിയും സംഘടിപ്പിച്ചു. 20 മുതൽ 50 ശതമാനം വരെ വാടക വർദ്ധനവ് ഇവിടെ അടുത്ത കാലത്തായി ഉണ്ടായിട്ടുണ്ട്