യാത്രക്കാര്‍ക്ക് കാലതാമസത്തിന് നഷ്ടപരിഹാരം നല്‍കുന്നുവെന്ന് ഉറപ്പാക്കാന്‍ പുതിയ ഓണ്‍-ടൈം ഗ്യാരണ്ടി(OTG) പ്രോഗ്രാം ആരംഭിക്കുന്നതായി ആല്‍ബെര്‍ട്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോ-കോസ്റ്റ് കാരിയര്‍ ഫ്‌ളെയര്‍ എയര്‍ലൈന്‍സ് പ്രഖ്യാപിച്ചു. കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് യാത്രക്കാരെ എത്തിക്കാനായില്ലെങ്കില്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം പ്രോഗ്രാം വഴി ഉറപ്പാക്കുമെന്ന് എയര്‍ലൈന്‍സ് സിഇഒ മാസിയേജ് വില്‍ക്ക് പറഞ്ഞു. കാനഡയിലെ മറ്റ് എയര്‍ലൈന്‍ കമ്പനികളൊന്നും ഇത്തരത്തിലുള്ളൊരു ഉത്തരവാദിത്തം വാഗ്ദാനം ചെയ്യുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വര്‍ഷങ്ങളായി വിമാനങ്ങള്‍ വൈകുന്നത് പതിവായതോടെ നിരവധി പരാതികളും വെല്ലുവിളികളും ഫ്‌ളെയര്‍ എയര്‍ലൈന്‍സ് നേരിടുന്നുണ്ടായിരുന്നു. ഇതിന് പരിഹാരമെന്ന നിലയിലാണ് പുതിയ പ്രോഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. കാലതാമസം മൂലമുണ്ടാകുന്ന അസൗകര്യത്തിന് ഫ്‌ളെയര്‍ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ഓഗസ്റ്റില്‍ ഒരു യാത്രക്കാരന്‍ ഓണ്‍ലൈന്‍ പെറ്റീഷനും ആരംഭിച്ചിരുന്നു.
OTG പ്രോഗ്രാം വഴി flyfair.com വഴി ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് അവരുടെ ഫ്‌ളൈറ്റ് ഒരു മണിക്കൂറിലധികം വൈകുകയോ പുറപ്പെടുന്നതിന് 72 ദിവസത്തിനുള്ളില്‍ റദ്ദാക്കുകയോ ചെയ്താല്‍ 60 ഡോളര്‍ വൗച്ചര്‍ ലഭിക്കും. ഈ വൗച്ചറിന് 60 ദിവസത്തേക്ക് മാത്രമാണ് കാലാവധി. കൂടാതെ, ഈ വൗച്ചറുകള്‍ കൈമാറ്റം ചെയ്യാനാകില്ല. 18 വയസ്സിന് താഴെ പ്രായമുള്ള യാത്രക്കാര്‍ക്ക് വൗച്ചര്‍ യോഗ്യമല്ലെന്നും എയര്‍ലൈന്‍സ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫ്‌ളെയര്‍ എയര്‍ലൈന്‍സ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.