രാത്രി ആകാശത്ത് മനോഹരമായ കാഴ്ചയ്ക്ക് തയാറായിക്കോളൂ. ഈ വര്‍ഷത്തെ അവസാന സൂപ്പര്‍മൂണ്‍ കാനഡയില്‍ നവംബര്‍ 15 വെള്ളിയാഴ്ച പ്രത്യക്ഷപ്പെടും. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് നില്‍ക്കുമ്പോഴാണ് ബീവര്‍ മൂണ്‍ എന്നും അറിയപ്പെടുന്ന സൂപ്പര്‍ മൂണ്‍ പ്രതിഭാസം ഉണ്ടാകുന്നത്. ഈ സമയത്ത് ചന്ദ്രന്‍ സാധാരണയേക്കാള്‍ കൂടുതല്‍ തിളക്കവും അടുത്തുമായി കാണപ്പെടും. ഈ മനോഹര ദൃശ്യം വീക്ഷിക്കാന്‍ വാനനിരീക്ഷകര്‍ ഉള്‍പ്പെടെ നിരവധിപേരാണ് പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ഈ വര്‍ഷം നാല് സൂപ്പര്‍ മൂണ്‍ പ്രതിഭാസങ്ങളാണ് ആകാശത്തുണ്ടാകുന്നത്. ഇതില്‍ മൂന്നെണ്ണത്തിന് നാം സാക്ഷ്യം വഹിച്ചുകഴിഞ്ഞു.
നവംബര്‍ 15 ന് വൈകിട്ട് 4.28 ന് ബീവര്‍ മൂണ്‍ കാനഡയുടെ ആകാശത്ത് തെളിയുമെന്നാണ് Space.com പറയുന്നത്. തെളിഞ്ഞ ആകാശത്ത് വ്യക്തമായി ബീവര്‍ മൂണ്‍ വീക്ഷിക്കാനാകും. എണ്‍വയോണ്‍മെന്റ് കാനഡ അനുസരിച്ച്, ടൊറന്റോയിലും മോണ്‍ട്രിയലിലും തെളിഞ്ഞ ആകാശമായിരിക്കും. അതിനാല്‍ ഇവിടെ സൂപ്പര്‍ മൂണ്‍ വ്യക്തമായി കാണാനാകും. എന്നാല്‍ വാന്‍കുവറില്‍ മോഘാവൃതമായിരിക്കും. കാല്‍ഗറിയിലും എഡ്മന്റണിലും ചില പ്രദേശങ്ങളില്‍ മേഘാവൃതമായ ആകാശമായിരിക്കുമെന്നാണ് പ്രവചനം.
ഇതിന് മുമ്പ്, ഓഗസ്റ്റ്, സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലും സൂപ്പര്‍മൂണ്‍ പ്രതിഭാസം ഉണ്ടായിരുന്നു. ഓഗസ്റ്റില്‍ സ്റ്റര്‍ജിയന്‍ മൂണ്‍, സെപ്റ്റംബറില്‍ ഹാര്‍വെസ്റ്റ് മൂണ്‍, ഒക്ടോബറില്‍ ഹണ്ടേഴ്‌സ് മൂണ്‍ എന്നിങ്ങനെയാണ് സൂപ്പര്‍ മൂണുകള്‍ അറിയപ്പെടുന്നത്. സൂപ്പര്‍ മൂണിനെ സാധാരണ ചന്ദ്രനെ കാണുന്നതിലും 14 ശതമാനം വലുതായി കാണാം. സൂപ്പര്‍ മൂണിനൊപ്പം 'സെവന്‍ സിസ്റ്റേഴ്‌സ്' എന്നറിയപ്പെടുന്ന പ്ലീയാഡ്സ് നക്ഷത്രങ്ങളെയും സ്ഥിരം കാണാന്‍ സാധിച്ചേക്കും. ഫ്രോസ്റ്റ് മൂണ്‍ , സ്നോ മൂണ്‍ എന്നീ പേരുകളും ഈ സൂപ്പര്‍ മൂണിനുണ്ട്.