കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ചില്ലിവാക്കിന് സമീപം ഹൈവേ 1 ല്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ട സംഭവത്തില്‍ ആല്‍ബെര്‍ട്ട സ്വദേശിയായ 28 വയസ്സുള്ള സെമി-ട്രെയിലര്‍ ഡ്രൈവര്‍ക്ക് പിഴ ചുമത്തി. അപകട സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഓഫ് ഡ്യൂട്ടിയിലായിരുന്ന ബീസി ഹൈവേ പട്രോള്‍ ഓഫീസറാണ് ഡ്രൈവര്‍ക്കെതിരെ കുറ്റം ചുമത്തുന്നതിലേക്ക് നയിക്കുന്ന പ്രധാന തെളിവുകള്‍ നല്‍കാന്‍ സഹായിച്ചതെന്ന് ഹൈവേ പട്രോള്‍ പ്രസ്താവനയില്‍ അറിയിച്ചു. ചില്ലിവാക്കിലെ ആനിസ് റോഡിന് സമീപം പുലര്‍ച്ചെ 5.50ന് വെസ്റ്റ്‌ബോണ്ട് കര്‍വിലൂടെ വരികയായിരുന്ന സെമി ട്രെയിലര്‍ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തില്‍പ്പെടുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ട്രെയിലറിന്റെ പവര്‍ യൂണിറ്റ് ഈസ്റ്റ്ബൗണ്ട് ലെയ്‌നില്‍ തടസ്സമുണ്ടാക്കി. ട്രെയിലര്‍ വെസ്റ്റ്‌ബോണ്ട് ലെയ്‌നുകളിലേക്കും വീണു. തിരക്കുള്ള സമയമായതിനാല്‍ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടാവുകയും നിരവധി വാഹനങ്ങള്‍ റോഡില്‍ കാത്തുനില്‍ക്കുകയും ചെയ്യേണ്ടി വന്നു. ഒമ്പത് മണിക്കൂര്‍ കഴിഞ്ഞാണ് ഹൈവേ ഗതാഗതത്തിനായി തുറന്നതെന്നാണ് റിപ്പോര്‍ട്ട്. ട്രെയിലര്‍ ഒരു കാറില്‍ ഇടിച്ചെങ്കിലും ഡ്രൈവര്‍ക്ക് പരുക്കേറ്റിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
സംഭവത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ടിലെ സെക്ഷന്‍ 144(1) പ്രകാരം അശ്രദ്ധമായി വാഹനമോടിച്ച ഡ്രൈവര്‍ക്കെതിരെയാണ് പിഴ ചുമത്തിയത്. 368 ഡോളര്‍ പിഴയും ഡ്രൈവിംഗ് ലൈസന്‍സിനെതിരെ ആറ് പോയിന്റുകളുമാണ് ശിക്ഷ.