ഇറാനുമായി അനുരഞ്ജനമോ ട്രംപിന്റെ നയം; ഇടനിലക്കാരനായി മസ്ക്, ഇറാൻ അംബാസഡറുമായി മസ്കിന്റെ ചർച്ച

By: 600007 On: Nov 15, 2024, 6:15 AM

 

ന്യൂയോർക്ക്: അമേരിക്കൻ കോടീശ്വരനും നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുയായിയുമായ ഇലോൺ മസ്ക്, ഐക്യരാഷ്ട്രസഭയിലെ ഇറാൻ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്.  ന്യൂയോർക്കിൽ വെച്ച് ഐക്യരാഷ്ട്ര സഭയിലെ ഇറാൻ അംബാസഡർ ആമിർ സഈദ് ഇറവാനിയുമായിട്ടായിരുന്നു മസ്കിന്റെ കൂടിക്കാഴ്ച്ചയെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. രഹസ്യ സ്ഥലത്ത് നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറിലധികം നീണ്ടുവെന്നും ചർച്ച ഫലപ്രദമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇറാനും അമേരിക്കയും തമ്മിലെ സംഘർഷം ഒഴിവാക്കുന്നതും ബന്ധം മെച്ചപ്പെടുത്തുന്നതും സംബന്ധിച്ചായിരുന്നു ചർച്ച. യുഎസ് ഉപരോധത്തിൽ ഇളവുകൾ നൽകാനും ടെഹ്‌റാനിൽ ബിസിനസ് നടത്താനും ഇറാൻ അംബാസഡർ മസ്‌കിനോട് യോഗത്തിൽ ആവശ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, വാർത്തയെക്കുറിച്ച് പ്രതികരിക്കാൻ മസ്ക് തയാറായിട്ടില്ല. ട്രംപിന്‍റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടറും പ്രതികരണത്തിന് തയ്യാറായില്ല. ട്രംപ് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായതു മുതൽ മസ്ക് പരസ്യ പിന്തുണ നൽകിയിരുന്നു.

100 മില്യൺ ഡോളർ ട്രംപിന്റെ പ്രചാരണത്തിനായി മസ്ക് ചെലവാക്കി. വിജയത്തിന് ശേഷം മസ്കിനെ സവിശേഷ വ്യക്തിയെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. പിന്നാലെ മസ്കിനെ സർക്കാറിന്‍റെ എഫിഷ്യൻസി ഡിപാർട്മെന്റ് വകുപ്പ് തലവനായി നിയമിക്കുകയും ചെയ്തു. മസ്കിന് വീണ്ടും നിർണായകമായ ചുമതലകൾ നൽകിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.