കാൽഗറി  ട്രാൻസിറ്റ് 2025ൽ മുപ്പത്തി മൂന്ന് മില്ല്യൺ ഡോളർ വരുമാന കമ്മി പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട്

By: 600110 On: Nov 14, 2024, 9:59 AM

 

കാൽഗറിയിലെ പൊതുഗതാഗത സംവിധാനമായ കാൽഗറി  ട്രാൻസിറ്റ് 2025ൽ മുപ്പത്തി മൂന്ന് മില്ല്യൺ ഡോളർ വരുമാന കമ്മി പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട്. താഴ്ന്ന വരുമാനക്കാർക്ക് കുറഞ്ഞ ചെലവിൽ യാത്ര ഒരുക്കുന്ന ലോ ഇൻകം ട്രാൻസിറ്റ് പാസിനുള്ള ചെലവ് കൂടുന്നതാണ് കാൽഗറി  ട്രാൻസിറ്റിന് തിരിച്ചടിയാകുന്നത്. സിറ്റി കൗൺസിൽ മീറ്റിംഗിൽ അവതരിപ്പിച്ച കരട് ബജറ്റ് പാക്കേജ് അനുസരിച്ച്,സബ്‌സിഡിയുള്ള പാസ് പ്രോഗ്രാമിന് 2024-ൽ 52 മില്യൺ ഡോളറാണ് ചെലവ്.  2019-ൽ ഉള്ളതിനേക്കാർ  19 മില്യൺ ഡോളറിൻ്റെ വർധനയാണ് ഈ വർഷം രേഖപ്പെടുത്തിയത്.  

 വർഷാവർഷം ചെലവുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനു പുറമെ യാത്രാ സൗജന്യം ആവശ്യപ്പെട്ട് കൂടുതൽ പേർ എത്തുന്നുമുണ്ട്. ഇതേ തുടർന്ന് വരുമാനവും ചെലവും തമ്മിലുള്ള അന്തരം ഏറുകയാണ്. 2024-ലെ കുറവ് നികത്താൻ ഒറ്റത്തവണ ഫണ്ടിംഗ് ഉറപ്പായിട്ടുണ്ട്. എന്നാൽ അടുത്ത വർഷമോ അതിനുശേഷമോ അധിക ഫണ്ടിംഗ് ലഭിക്കില്ലെന്ന് സിറ്റി കൗൺസിൽ പറയുന്നു. പ്രതിസന്ധി ഉണ്ടെങ്കിലും ഇപ്പോൾ ആളുകൾക്ക് നൽകി വരുന്ന പാസുകൾ നിർത്തലാക്കില്ലെന്നും അവർ വ്യക്തമാക്കി.   

കാനഡയിലുടനീളം പ്രകടമാകുന്ന സാമ്പത്തിക പ്രതിസന്ധിയും തൊഴിൽ അസ്ഥിരതയുമെല്ലാം  കുറഞ്ഞ വരുമാനമുള്ള ട്രാൻസിറ്റ് പാസ്‌ഹോൾഡർമാരുടെ എണ്ണം കൂടാൻ കാരണമാകുന്നുണ്ട്. മൂന്ന് വരുമാന "ബാൻഡുകൾ" അടിസ്ഥാനമാക്കി സ്ലൈഡിംഗ് സ്കെയിലിലാണ് യാത്രക്കാർക്ക് പാസ് നൽകുന്നത്. ഏറ്റവും കുറഞ്ഞ വരുമാനമുള്ള ആളുകൾക്ക് പ്രതിമാസ ട്രാൻസിറ്റ് പാസിന് 5.80 ഡോളർ  ആണ് ചെലവ്. അടുത്ത ബാൻഡിലുള്ളവർ 40.25 ഡോളറും  തൊട്ട് മുകളിലുള്ള ബാൻഡിലുള്ളവർക്ക് 57.50 ഡോളറും ചെലവുണ്ട്. മുതിർന്നവർക്കുള്ള ഒരു സാധാരണ പ്രതിമാസ ട്രാൻസിറ്റ് പാസിന് 115 ഡോളറാണ് വില.