തന്‍റെ ബീജം ഉപയോഗിക്കാൻ തയ്യാറാകുന്ന സ്ത്രീകൾക്ക് സൗജന്യ ഐവിഎഫ് ചികിത്സ നൽകുമെന്ന് ടെലഗ്രാം സിഇഒ പാവേൽ ദുറോവ്. അൾട്രാവിറ്റ ഫെർട്ടിലിറ്റി ക്ലിനിക്കുമായി ചേർന്നാണ് പാവേൽ ഇത്തരമൊരു സംവിധാനമൊരുക്കുന്നത്. വന്ധ്യത കാരണം പ്രയാസമനുഭവിക്കുന്ന ദമ്പതിമാരെയും സ്ത്രീകളെയും സഹായിക്കുകയാണ് ഇതിന്‍റെ ലക്ഷ്യമെന്നാണ് വാദം.
അൾട്രാവിറ്റയുടെ ഫെർട്ടിലിറ്റി ക്ലിനിക്കിന്‍റെ വെബ്‌സൈറ്റിൽ ഇത്തരമൊരു സംവിധാനത്തെക്കുറിച്ചുളള പരസ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏറ്റവും പ്രശസ്തനായ സംരംഭകൻ പാവേൽ ദുറോവിന്‍റെ ബീജം ഉപയോഗിച്ച് ക്ലിനിക്കിൽ സൗജന്യ ഐവിഎഫ് നടത്താനാകുമെന്നും ചികിത്സ നടക്കുന്നതിനിടെ മികച്ച പരിചരണവും വിദഗ്ധരായ ഡോക്ടർമാരുടെ സേവനവും നല്‍കുമെന്നും ക്ലിനിക്ക് ഉറപ്പ് പറയുന്നു.
പാവേൽ ദുറോവിന്‍റെ ബീജം ഉപയോഗിച്ച് ഐവിഎഫ് ചികിത്സ നടത്താൻ ആഗ്രഹിക്കുന്ന സ്ത്രീകൾ ക്ലിനിക്കുമായി ബന്ധപ്പെട്ട് ആദ്യത്തെ കൺസൾട്ടേഷൻ ബുക്ക് ചെയ്യണമെന്നാണ് വെബ്സൈറ്റിലെ നിർദേശത്തിൽ പറയുന്നത്. 37 വയസിൽ താഴെ പ്രായമുള്ള ആരോഗ്യക്ഷമതയുള്ള സ്ത്രീകളെയാണ് ഇതിനായി പരിഗണിക്കുക. തുടർന്ന് ഡോക്ടറുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഐവിഎഫ് ചികിത്സയെക്കുറിച്ചുള്ള വിശദീകരണമുണ്ടാകും. ആവശ്യമായ ടെസ്റ്റുകൾ നടത്തിയ ശേഷമായിരിക്കും ചികിത്സയ്ക്ക് യോഗ്യയാണോ എന്നതിൽ തീരുമാനമെടുക്കുകയെന്നും ക്ലിനിക്ക് അധികൃതർ പറഞ്ഞു.