ബ്രിട്ടീഷ് കൊളംബിയ, മോൺട്രിയൽ തുറമുഖങ്ങളിലെ തൊഴിൽ സ്തംഭനങ്ങൾ അവസാനിപ്പിക്കാൻ ഇടപെടലുകൾ നടത്തി തൊഴിൽ മന്ത്രി സ്റ്റീവൻ മക്കിന്നൺ. തുറമുഖങ്ങളിലെ എല്ലാ പ്രവർത്തനങ്ങളും പുനരാരംഭിക്കാൻ കാനഡ ഇൻഡസ്ട്രിയൽ റിലേഷൻസ് ബോർഡിന് നിർദ്ദേശം നൽകി. തുറമുഖങ്ങളിൽ അടിക്കിടി ഉണ്ടാകുന്ന തൊഴിൽ സ്തംഭനം വിതരണ ശൃംഖലകളെയും ആയിരക്കണക്കിന് തൊഴിലാളികളെ ബാധിക്കുന്നതായും അദ്ദേഹം പറഞ്ഞു. വിശ്വസനീയ വ്യാപാര പങ്കാളി എന്ന നിലയിൽ രാജ്യത്തിൻ്റെ പ്രതിച്ഛായയ്ക്കും ഇതുവഴി കോട്ടം തട്ടുന്നതായും അദ്ദേഹം വ്യക്തമാക്കി.
തൊഴിലാളികളും കരാറുകാരും തമ്മിലുള്ള പ്രശ്നമാണ് തുറമുഖങ്ങളിലെ ജോലികൾ തടസ്സപ്പെടുന്നതിൻ്റെ കാരണം. ഇതിൽ ചർച്ചകൾ വഴി തീരുമാനത്തിൽ എത്താൻ വൈകുന്നതിനാലാണ് അടിയന്തര ഇടപെടലുമായി മന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്. തൊഴിലുടമകളുടെ അന്തിമ കരാർ അംഗീകരിക്കാത്തതിനെ തുടർന്ന് മോൺട്രിയൽ തുറമുഖത്ത് 1,200 ലോംഗ്‌ഷോർ തൊഴിലാളികളെയാണ് മാരിടൈം എംപ്ലോയേഴ്‌സ് അസോസിയേഷൻ ജോലി ചെയ്യുന്നതിൽ നിന്ന് വിലക്കിയത്. തൊഴിൽ തർക്കത്തെ തുടർന്ന് ബ്രിട്ടീഷ് കൊളംബിയയിലെ തുറമുഖ തൊഴിലാളികളും ജോലികൾ നിർത്തി വെച്ചിരുന്നു. പിന്നാലെ ചരക്കു നീക്കം സ്തംഭിക്കുകയും ചെയ്തു. ചരക്ക് നീക്കം സുഗമമാക്കാൻ സർക്കാർ ഇടപെടണമെന്ന് വ്യവസായ ഗ്രൂപ്പുകൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടൽ. തൊഴിൽ തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാമെന്നും എന്നാൽ തുറമുഖങ്ങളിലെ തൊഴിൽ സ്തംഭനങ്ങൾ അംഗീകരിക്കാനാകിലെന്നും സ്റ്റീവൻ മക്കിന്നൺ പറഞ്ഞു