വലത് കാലിന് പകരം ഇടത്കാല്‍ ശസ്ത്രക്രിയ ചെയ്ത് നീക്കം ചെയ്തു; വിന്നിപെഗ് ഗ്രേസ് ഹോസ്പിറ്റലിനെതിരെ പരാതി നല്‍കി 48കാരന്‍ 

By: 600002 On: Nov 13, 2024, 12:24 PM

 

 

വലത് കാലിന്റെ അസ്ഥിയില്‍ ബാധിച്ച അണുബാധയെ തുടര്‍ന്നാണ് മത്സ്യത്തൊഴിലാളിയായ ജേസണ്‍ കെന്നഡി എന്ന 48 കാരന്‍ ആശുപത്രിയില്‍ എത്തിയത്. അണുബാധ മറ്റിടങ്ങളിലേക്കും പടരുന്നതിനാല്‍ കാല്‍മുട്ടിന് താഴേക്ക് മുറിച്ചുമാറ്റേണ്ടി വരുമെന്ന് ഡോക്ടര്‍ കെന്നഡിയോട് പറഞ്ഞു. അതനുസരിച്ച്, വിന്നിപെഗിലെ ഗ്രേസ് ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയയ്ക്കായി പോയത്. എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞ് അബോധാവസ്ഥയില്‍ നിന്നും എഴുന്നേറ്റ കെന്നഡി ഞെട്ടിപ്പോയി. തന്റെ രോഗബാധിതമായ വലത് കാലിന് പകരം നീക്കം ചെയ്തത് ഇടത്കാല്‍. 

വിന്നിപെഗില്‍ താമസിക്കുന്ന കെന്നഡി, ബ്ലഡ്‌വെയിന്‍ ഫസ്റ്റ് നേഷനില്‍ നിന്നുള്ളയാളാണ്. വലത്കാലിലെ വേദനയും രക്തസ്രാവവും കാരണം ഒക്ടോബര്‍ 23 ന് സെവന്‍ ഓക്‌സ് ജനറല്‍ ആശുപത്രിയില്‍ ആദ്യം ചികിത്സതേടിയതായി കെന്നഡി പറഞ്ഞു. കാല്‍ മുറിച്ചുമാറ്റേണ്ടി വരുമെന്നും അതിനായി ഗ്രേസ് ഹോസ്പിറ്റലില്‍ അഡ്മിറ്റാകാനും നിര്‍ദ്ദേശിച്ചു. എന്നാല്‍ കെന്നഡിയുടെ ജീവിതത്തിലെ ഏറ്റവും മോശം അനുഭവമായിരുന്നു ഉണ്ടായത്. 

ശസ്ത്രക്രിയാ പിഴവ് സംബന്ധിച്ച് കെന്നഡിയുടെ കുടുംബം പരാതി നല്‍കി. സംഭവത്തെക്കുറിച്ചും അത് രോഗിക്കും കുടുംബത്തിനുമുണ്ടാക്കിയ വിഷമവും ദുരിതവും തങ്ങള്‍ മനസ്സിലാക്കുന്നുവെന്നും സംഭവത്തില്‍ അപലപിക്കുന്നതായും വിന്നിപെഗ് റീജ്യണല്‍ ഹെല്‍ത്തി അതോറിറ്റി വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. സംഭവം നിലവില്‍ തങ്ങളുടെ പേഷ്യന്റ് സേഫ്റ്റി ടീമിന്റെ അവലോകനത്തിലാണ്. അവലോകനം പൂര്‍ത്തിയായി കഴിഞ്ഞാല്‍ അത് രോഗിയുമായി പങ്കിടുമെന്നും വക്താവ് അറിയിച്ചു. 

അതേസമയം, കെയര്‍ ടീമിലെ അംഗങ്ങള്‍ കെന്നഡിയുമായി വ്യക്തിപരമായി കൂടിക്കാഴ്ച നടത്തിയതായും ക്ഷമാപണം നടത്തിയതായും അറിയിച്ചു. കൂടാതെ, ശസ്ത്രക്രിയ നടത്തിയ സര്‍ജനും രണ്ട് സഹപ്രവര്‍ത്തകരും തന്നോട് ക്ഷമാപണം നടത്തിയതായി കെന്നഡി പറഞ്ഞു.