കാനഡ പോസ്റ്റിന് 72 മണിക്കൂർ പണിമുടക്ക് നോട്ടീസ് നൽകി പോസ്റ്റൽ ജീവനക്കാരുടെ സംഘടനയായ കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്സ്. ജീവനക്കാരുമായി ചർച്ച നടത്തി ഒത്തുതീർപ്പിൽ എത്തിയില്ലെങ്കിൽ വെള്ളിയാഴ്ച മുതൽ നിയമപരമായി പണിമുടക്കുമെന്ന് യൂണിയൻ പ്രസ്താവനയിൽ അറിയിച്ചു.
യൂണിയൻ മുന്നോട്ടു വെയ്ക്കുന്ന ആവശ്യങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്നാണ് ആവശ്യം. കാനഡ പോസ്റ്റ് മുന്നോട്ട് വച്ച ഏറ്റവും പുതിയ തൊഴിൽ കരാറിൽ വാർഷിക വേതനത്തിൽ 11.5 ശതമാനം വർദ്ധന വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിന് പുറെ നിലവിലെ ജീവനക്കാർക്കുള്ള പെൻഷൻ ആനുകൂല്യങ്ങളും മറ്റ് തൊഴിൽ സുരക്ഷയും ആരോഗ്യ ആനുകൂല്യങ്ങളും കരാറിലുണ്ട്. എന്നാൽ ഈ നിർദ്ദേശം യൂണിയൻ നിരസിക്കുകയായിരുന്നു. കൂടുതൽ ആനുകൂല്യങ്ങൾ വേണമെന്നാണ് യൂണിയൻ്റെ വാദം. പുതിയ കരാറുകളിൽ എത്തിച്ചേരുന്നില്ലെങ്കിൽ, നിലവിലുള്ള കരാറുകൾ വെള്ളിയാഴ്ച മുതൽ ബാധകമാകില്ലെന്ന് കാനഡ പോസ്റ്റ് യൂണിയനെ അറിയിച്ചിട്ടുണ്ട്.
സമരവുമായി മുന്നോട്ട് പോകുന്ന പക്ഷം ഡെലിവറികൾ ഉൾപ്പെടെയുള്ളവയെ ഇത് ബാധിക്കും . പാഴ്സൽ വിതരണ വിപണിയിലെ മാറ്റങ്ങളും കൊവിഡിനെ തുടർന്നുള്ള ആഘാതങ്ങളും കാനഡ പോസ്റ്റിൻ്റെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. സാമ്പത്തിക സ്ഥിതി സുസ്ഥിരമല്ലെന്നും വിതരണ ശൃംഖല സംരക്ഷിക്കുന്നതിന് കാര്യമായ മാറ്റം വേണമെന്നും ഓഗസ്റ്റിൽ നടന്ന ഓർഗനൈസേഷൻ്റെ വാർഷിക പൊതുയോഗത്തിൽ,ആവശ്യമുയർന്നിരുന്നു.