കഞ്ചാവ് ഉപയോഗിക്കുന്ന കാനഡക്കാരിൽ നല്ലൊരു ശതമാനവും ലഹരിയോടെ വാഹനവുമോടിക്കുന്നതായി റിപ്പോർട്ട്

By: 600007 On: Nov 12, 2024, 2:34 PM

കാനഡയിൽ കഞ്ചാവ് ഉപയോഗിക്കുന്നവരിൽ 25 ശതമാനവും ലഹരിയോടെ വാഹനവും ഓടിക്കുന്നതായി കണക്കുകൾ. പബ്ലിക് സേഫ്റ്റി കാനഡയുടെ 2022ലെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എണ്ണത്തിൽ വർദ്ധനവില്ലെങ്കിലും ഇത്തരം പ്രവണതകൾ ആശങ്കയുണ്ടാക്കുന്നുവെന്നാണ് സർക്കാരും പൊലീസും പറയുന്നത്. 

മദ്യം ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ഡ്രൈവർമാർ കഞ്ചാവ് ഉപയോഗിച്ചതിന് ശേഷം വാഹനം ഓടിക്കാൻ തയ്യാറാക്കുന്നു എന്നാണ് കനേഡിയൻ സെൻ്റർ ഓൺ സബ്‌സ്റ്റൻസ് യൂസ് ആൻഡ് അഡിക്ഷൻ വ്യക്തമാക്കുന്നത്. കഞ്ചാവിൻ്റെ ലഹരി തങ്ങളെ ബാധിച്ചതായി ഇവർക്ക് മനസ്സിലാകാത്തതാണ് ഇതിന് പ്രധാന കാരണം. ശ്രദ്ധാപൂർവ്വം വാഹനം ഓടിക്കാൻ കഴിയുമെന്ന ആത്മവിശ്വാസവും  നിയമത്തിൻ്റെ പിടിയിലാകാനുള്ള സാധ്യത കുറവാണ് എന്നുള്ളതും ഇത്തരം പ്രവണത കൂട്ടുന്നതായും കനേഡിയൻ സെൻ്റർ ഓൺ സബ്‌സ്റ്റൻസ് യൂസ് ആൻഡ് അഡിക്ഷൻ ചൂണ്ടിക്കാട്ടുന്നു.

ലഹരി സ്വാധീനത്തിൽ വാഹനം ഓടിച്ചുവെന്ന് പലരും സമ്മതിക്കുന്നുണ്ടെങ്കിലും, കഞ്ചാവ് ഡ്രൈവിങ്ങിനെ ബാധിക്കുമെന്ന് വിശ്വസിക്കുന്നവരാണ് 86 ശതമാനം കാനഡക്കാരും. കഞ്ചാവ് ഉപയോഗം വാഹനം ഓടിക്കുന്നവരെ വ്യത്യസ്ത രീതിയിലാണ് ബാധിക്കുന്നത്. കഞ്ചാവ് ഉപയോഗിക്കുന്നത് പലരുടെയും പ്രതികരണ സമയത്തെയും, പെട്ടെന്ന് തീരുമാനം എടുക്കാനുള്ള കഴിവിനെയും , ഏകാഗ്രതയെയും ദോഷകരമായി ബാധിക്കും. അപ്രതീക്ഷിത സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവ് കുറയ്ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം  റോഡിലെ ഡ്രൈവർമാർക്കും മറ്റ് യാത്രക്കാർക്കും ഗുരുതര പ്രത്യാഘാതങ്ങൾ ആകും ഉണ്ടാക്കുക