കാനഡയിലെ വ്യാജ നാണയക്കേസ് : കുറ്റവാളിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്

By: 600007 On: Nov 12, 2024, 11:28 AM

 

കാനഡയിലെ ഏറ്റവും വലിയ  വ്യാജ നാണയ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ആളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്.  ഗ്ലോബൽ ന്യൂസാണ് ഇതു സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്. കേസിൽ  അറസ്റ്റിലായ ഡെയ്‌സിയോങ് ഹീ സമ്പന്ന ചൈനീസ് കനേഡിയൻ ബിസിനസ്സുകാരനാണെന്നാണ് RCMP അന്വേഷണ റിപ്പോർട്ടിലുള്ളത്. ടൊറൻ്റോയിലെ സ്കാർബറോയിൽ പ്രവർത്തിച്ചിരുന്ന സൂപ്പർ മാർക്കറ്റിൻ്റെ ഉടമസ്ഥൻ കൂടിയായിരുന്നു ഇയാൾ.  കള്ളനാണയങ്ങൾ വിതരണം ചെയ്യുന്നതിന് ഇയാൾക്ക് ഒരു വിതരണ ശൃംഖല തന്നെ ഉള്ളതായി   പൊലീസ് സംശയിക്കുന്നുണ്ട്. 

2021ൽ ഗ്രേറ്റർ ടൊറൻ്റോയിലെ മൂന്ന് പ്രധാന ബാങ്കുകളിലുള്ള ബിസിനസ്, വ്യക്തിഗത അക്കൗണ്ടുകളിലേക്ക് 500 ടൂണികളുടെ 90 പെട്ടികൾ നിക്ഷേപിച്ചതായി റിപ്പോർട്ടിലുണ്ട്. ഇതിൽ 4,500 വ്യാജ നാണയങ്ങൾ പോലീസ് പിടിച്ചെടുത്തു.വ്യാജ നാണയ കേസിൽ 2022 മെയ് മാസത്തിലാണ് എഴുപതുകാരനായ  ഡെയ്‌സിയോങ് ഹീ അറസ്റ്റിലാകുന്നത്. തുടർന്ന് ന്യൂമാർക്കറ്റ് കോടതിയിൽ 100,000 ഡോളർ പിഴയും അടച്ചു. രണ്ട് ഡോളർ നാണയത്തിൻ്റെ വ്യാജൻ പലയിടത്തും പ്രചരിക്കുന്നത് റോയൽ കനേഡിയൻ മിൻ്റ്  ആദ്യം നിഷേധിക്കുകയാണ് ചെയ്തത്. എന്നാൽ ടൊറൻ്റോ മേഖലയിൽ ഗണ്യമായ അളവിൽ വ്യാജ രണ്ട് ഡോളർ നാണയങ്ങൾ പ്രചാരത്തിലുള്ളതായി, മിൻ്റ് ആർസിഎംപി യോട് സമ്മതിച്ചതായാണ് റിപ്പോർട്ടുകളുള്ളത്. ആയിരക്കണക്കിന് വ്യാജ ടൂണികൾ കൈവശം വയ്ക്കുകയും അവ നിക്ഷേപിക്കുകയും ചെയ്ത റിച്ച്മണ്ട് ഹിൽ ബിസിനസുകാരനെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല. അയാളെ എങ്ങനെ പിടികൂടി തുടങ്ങിയ കാര്യങ്ങളും ആർസിഎംപി ഇപ്പോഴും രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.