രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച വരെ അനുസ്മരിച്ച് കാനഡ. ഒട്ടാവയിലെ ദേശീയ യുദ്ധസ്മാരകത്തിൽ നടന്ന അനുസ്മരണ ദിന ചടങ്ങിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഗവർണർ ജനറൽ മേരി സൈമണും ജീവൻ ബലിയർപ്പിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ഈ വർഷത്തെ സിൽവർ ക്രോസ് മദർ ആയി തെരഞ്ഞെടുക്കപ്പെട്ട മൗറീൻ ആൻഡേഴ്സണും ഇവർക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു. ഇവരുടെ രണ്ട് ആൺമക്കളും അഫ്ഗാനിസ്ഥാനിൽ സൈനിക സേവനം നടത്തി, പിന്നീട് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ ബാധിച്ച് മരിക്കുകയായിരുന്നു.
രാജ്യ താൽപര്യങ്ങൾക്ക് വേണ്ടി സേവനം ചെയ്യുന്നതിനിടെ ജീവൻ പൊലിഞ്ഞവർക്കാണ് ആദരാഞ്ജലികൾ അർപ്പിച്ചത്. രാവിലെ 11 മണിക്കായിരുന്നു ശവകുടീരങ്ങളിലും സ്മാരകങ്ങളിലും ചടങ്ങുകൾ. വികാര നിർഭരമായ ചടങ്ങുകൾക്കിടെ പ്രിയപ്പെട്ടവരെ ഓർത്ത് പലരും കണ്ണീർ വാർത്തു. ചരിത്രത്തിലുടനീളം, രാജ്യത്തെ സുരക്ഷിതമാക്കി നിർത്തിയ സായുധ സേനയിലെ സ്ത്രീ പുരുഷൻമാരെ സ്മരിക്കുന്നതായി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സോഷ്യൽ മീഡിയയിൽ കുറിച്ചു.
വെറ്ററൻസ് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ 2021 ലെ സെൻസസ് പ്രകാരം, നിലവിൽ കാനഡയിൽ 7300 വൃദ്ധസൈനികരാണ് ഉള്ളത്. ഇതിൽ 6,142 പുരുഷന്മാരും 1,158 സ്ത്രീകളുമാണ്. നമുക്ക് എങ്ങനെ സ്വാതന്ത്ര്യം ലഭിച്ചെന്ന് ഓർക്കാൻ, അവസരം നൽകുകയാണ് ഈ ദിവസമെന്ന് റോയൽ കനേഡിയൻ ലെജിയൻ പ്രസിഡൻ്റ് ബെർക്ക്‌ലി ലോറൻസ് പറഞ്ഞു,