ചുഴലിക്കാറ്റ്, ഭൂചലനം: ക്യൂബയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി കാനഡ 

By: 600002 On: Nov 12, 2024, 12:24 PM

 

 

രണ്ട് ഭൂചലനങ്ങള്‍, ചുഴലിക്കാറ്റുകള്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ക്യൂബയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാന്‍ കനേഡിയന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഫെഡറല്‍ സര്‍ക്കാര്‍. കഴിഞ്ഞ ദിവസം 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് ക്യൂബയില്‍ വന്‍നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിരവധി കെട്ടിടങ്ങള്‍ തകരുകയും കൂടാതെ 10 ദശലക്ഷത്തോളം ആളുകള്‍ ഇരുട്ടിലാവുകയും  ചെയ്തുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് കാനഡ യാത്രാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങളുടെ ദൗര്‍ലഭ്യവും ക്യൂബയില്‍ രൂക്ഷമാണ്. ക്യൂബയിലുള്ള കനേഡിയന്‍ പൗരന്മാരോട് ജാഗ്രത പുലര്‍ത്താനും കാനഡ ആവശ്യപ്പെട്ടു. 
 
ഒക്ടോബര്‍ പകുതിയോടെ വീശിയടിച്ച ഓസ്‌കാര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മഴയും കാറ്റും ശക്തമായിരുന്നു. വൈദ്യുത പ്രതിസന്ധിയും ഉണ്ടായി. ഓസ്‌കാറിന് ശേഷം വീശിയടിച്ച റാഫേല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ക്യൂബയുടെ ദേശീയ ഗ്രിഡ് തകര്‍ന്നിരുന്നു. ചുഴലിക്കാറ്റില്‍ നിന്നും കരകയറാന്‍ പാടുപെടുന്ന ക്യൂബയില്‍ വീണ്ടുമൊരു ദുരന്തം ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്.