അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് അധികാരത്തിൽ എത്തുന്നതിന് മുൻപ് കാനഡയിലേക്ക് അനധികൃത കുടിയേറ്റങ്ങൾ വർദ്ധിക്കുമെന്ന് ആർസിഎംപിയും ഫെഡറൽ ഗവൺമെൻ്റും. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്ന ട്രംപിൻ്റെ പ്രതിജ്ഞയ്ക്ക് പിന്നാലെയാണ് കുടിയേറ്റക്കാർ ഭീതിയിലായിരിക്കുന്നത്.
യുഎസിൽ അഭയം ലഭിച്ചിട്ടില്ലാത്ത കുടിയേറ്റക്കാർക്ക് അതിർത്തി കടക്കുക വഴി അഭയം നേടാനാകില്ലെന്ന് യുഎസ് ഇമിഗ്രേഷൻ അഭിഭാഷകൻ ലെൻ സോണ്ടേഴ്‌സ് പറഞ്ഞു. സെയ്ഫ് തേർഡ് കൺട്രി കരാർപ്രകാരമുള്ള നിയമപരിരക്ഷ ഇത്തരക്കാർക്ക് ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ അതിർത്തിയിൽ വേണ്ടത്ര സുരക്ഷയുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. സൈനിക പെട്രോളിങ് കുറവുള്ള വൈറ്റ് റോക്കിനും അബോട്ട്‌സ്‌ഫോർഡിനും ഇടയിലുള്ള പ്രദേശങ്ങളിൽ കൂടിയാകും ആളുകൾ കാനഡയിലേക്ക് കടക്കാൻ ശ്രമിക്കുകയെന്നും സോണ്ടേഴ്‌സ് പറയുന്നു. അനധികൃതമായി താമസിക്കുന്നവർക്ക് അമേരിക്കയിൽ പൌരത്വം ലഭിക്കുക എളുപ്പമല്ല. അത്തരക്കാർക്ക് വർഷങ്ങളോളം കാത്തിരിക്കേണ്ടി വന്നേക്കും.അതിനാൽ സുരക്ഷിത സ്ഥലമെന്ന നിലയിൽ ഇവർ കാനഡയെ ലക്ഷ്യമാക്കിയേക്കാമെന്നും അദ്ദേഹം പറഞ്ഞു. യുഎസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ കണക്ക് പ്രകാരം 11 ദശലക്ഷം അനധികൃത കുടിയേറ്റക്കാരാണ് അമേരിക്കയിലുള്ളത്.