ജയിൽവാസത്തിനിടയിലും കാനഡയിലെ ഏറ്റവും ധനികരിലൊരാളായ ചാങ് പെങ് ഷാവോയുടെ സമ്പത്ത് കുതിച്ചുയരുന്നു

By: 600007 On: Nov 11, 2024, 9:48 AM

നാല് മാസത്തെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടും  കാനഡയിലെ ഏറ്റവും ധനികരിലൊരാളായ ചാങ് പെങ് ഷാവോയുടെ സമ്പത്ത് കുതിച്ചുയരുന്നു.  സമ്പന്നരായ  കനേഡിയക്കാരുടെ ഏറ്റവും പുതിയ പട്ടികയിൽ  ചാങ്‌പെങ് ഷാവോ നിലവിൽ രണ്ടാം സ്ഥാനത്താണ്. ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ച് ബിനാൻസിൻ്റെ സഹസ്ഥാപകനാണ് ചാങ്‌പെങ് ഷാവോ. മക്ലീൻസ് മാസികയാണ്  കണക്കുകൾ പുറത്തു വിടുന്നത്.  

ഒരു വർഷത്തിനുള്ളിൽ തൻ്റെ ആസ്തിയിലേക്ക് ചാങ്‌പെങ് ഷാവോ ബില്യൺ ഡോളറുകളാണ് കൂട്ടി ചേർത്തത്.തോംസൺ റോയിട്ടേഴ്‌സ് കോർപ്പറേഷൻ നിയന്ത്രിക്കുന്ന തോംസൺ കുടുംബമാണ് 98.15 ബില്യൺ ഡോളറിൻ്റെ ആസ്തിയുമായി പട്ടികയിൽ ഒന്നാമത്. ഷാവോയുടെ ഇപ്പോഴത്തെ മൂല്യം 61.02 ബില്യൺ ഡോളറാണ് . 2023-ൽ, ബിനാൻസിൽ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടതിന് ഷാവോ കുറ്റസമ്മതം നടത്തിയിരുന്നു. തുടർന്ന് നാല് മാസം ജയിലിൽ കിടന്ന് സെപ്തംബർ 27ന് മോചിതനായി. ആരോപണങ്ങളെ തുടർന്ന് ഷാവോയ്ക്ക് സിഇഒ സ്ഥാനം രാജിവയ്ക്കേണ്ടി വന്നതിന് പുറമെ, ബിനാൻസിന് 4.3 ബില്യൺ യുഎസ് ഡോളർ പിഴ ചുമത്തുകയും ചെയ്തിരുന്നു. 

ചൈനയിലെ ജിയാങ്‌സുവിലാണ് ഷാവോയുടെ ജനനം. പിതാവിന് ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിൽ ജോലി ലഭിച്ചതിന് ശേഷം 1980കളുടെ അവസാനത്തോടെയാണ്, ഷാവോ കുടുംബത്തോടൊപ്പം വാൻകൂവറിലേക്ക് താമസം മാറിയത് . 2017ലാണ് ഷാവോ ബിനാൻസ് സ്ഥാപിച്ചത്. 2018-ഓടെ ഇത് ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചായി മാറുകയായിരുന്നു.