ബൈഡൻ രാജിവച്ച് കമലയെ ആദ്യ വനിതാ പ്രസിഡന്‍റാക്കണം; ചർച്ചയായി മുൻ സഹായിയുടെ നിർദ്ദേശം

By: 600007 On: Nov 11, 2024, 12:19 PM

വാഷിംഗ്ടൺ: പ്രസിഡന്‍റ് ബൈഡന്‍റെ പിന്മാറ്റത്തോടെയാണ് വൈസ് പ്രസിഡന്‍റ് കമല ഹാരിസ് ഡെമോക്രാറ്റിക്ക് പാർട്ടിയുടെ ഇത്തവണത്തെ പ്രസിഡന്‍റ് സ്ഥാനാർഥിയായെത്തിയത്. ആദ്യ ഘട്ടത്തിൽ വിജയിക്കുമെന്ന വലിയ പ്രതീക്ഷകളാണ് ഉണ്ടായതെങ്കിലും അതെല്ലാം അസ്ഥാനത്തായി. വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടത്തിനൊടുവിൽ ഡോണൾഡ് ട്രംപിന് മുന്നിൽ അടിതെറ്റിയ കമലക്ക് പരാജയം സമ്മതിക്കേണ്ടിവന്നു. ഇതോടെ അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്‍റ് എന്ന സ്വപ്നം കൂടിയാണ് അകന്നുപോയത്. എന്നാൽ ഇപ്പോൾ കമലയുടെ മുൻ സഹായിയുടെ പുതിയ നിർദ്ദേശം വലിയ തോതിൽ ചർച്ചയാകുകയാണ്.

ജോ ബൈഡൻ പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച് കമല ഹാരിസിനെ അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റാക്കണമെന്ന നിർദ്ദേശവുമായി കമലയുടെ മുൻ കമ്യൂണിക്കേഷൻ ഡയറക്ടർ ജമാൽ സൈമൺസാണ് രംഗത്തെത്തിയിരിക്കുന്നത്. കേവലം രണ്ട് മാസം പോലുമില്ലെങ്കിലും അമേരിക്കയിൽ ചരിത്രം സൃഷ്ടിക്കാൻ ബൈഡന്‍റെ ഒറ്റ തീരുമാനത്തിലൂടെ സാധിക്കുമെന്നാണ് സൈമൺസ് ചൂണ്ടികാട്ടി. കമല അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്‍റാകുമെന്ന തെരഞ്ഞെടുപ്പ് കാലത്തെ പ്രഖ്യാപനവും ഇതിലൂടെ യാഥാർത്ഥ്യമാക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഹാനായ പ്രസിഡന്‍റാണ് ജോ ബൈഡനെന്നും അതുകൊണ്ടുതന്നെ അവസാനത്തെ വാഗ്ദാനം കൂടി പാലിക്കണമെന്നും സൈമൺസ് ആവശ്യപ്പെട്ടു. ജനുവരി 6 നാണ് ട്രംപ് അധികാരമേൽക്കേണ്ടത്. അതിന് മുന്നേ ബൈഡന് ഇത്തരമൊരു അവസരമുണ്ടെന്നും സൈമൺസ് ഓർമ്മിപ്പിച്ചു. സൈമൺസിന്‍റെ നിർദ്ദേശം വലിയ തോതിൽ ചർച്ചയായിട്ടുണ്ടെങ്കിലും ഇത്തരമൊരു നീക്കത്തിനുള്ള സാധ്യത കുറവാണെന്ന വിലയിരുത്തലുകളാണ് പലരും പങ്കുവയ്ക്കുന്നത്.

അതിനിടെ നിയുക്ത പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി ബുധനാഴ്ച ഓവൽ ഓഫീസിൽ പ്രസിഡൻ്റ് ജോ ബൈഡൻ കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പ്രസിഡൻ്റ് ബൈഡൻ്റെ ക്ഷണപ്രകാരം ഇരുവരും രാവിലെ 11 മണിക്ക് കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയറിയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. കൂടിക്കാഴ്ചയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കൂട്ടിച്ചേർത്തു.