എസ്ഡിഎസ് പദ്ധതി കാനഡ പിന്‍വലിച്ചു; ഇന്ത്യയില്‍ നിന്നുള്ള 90 ശതമാനം വിദ്യാര്‍ത്ഥികളെ ബാധിക്കും 

By: 600002 On: Nov 11, 2024, 10:32 AM

 


ഇന്ത്യയില്‍ നിന്നടമക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വീസ നടപടികള്‍ എളുപ്പമാക്കുന്ന സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം പദ്ധതി കാനഡ നിര്‍ത്തലാക്കി. അപേക്ഷയും രേഖകളും സമര്‍പ്പിച്ച് 20 ദിവസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന സംവിധാനമാണ് അവസാനിപ്പിച്ചത്. കാനഡയില്‍ പഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് കനത്ത തിരിച്ചടിയാണ് തീരുമാനം. ഇന്ത്യയില്‍ നിന്ന് പ്രത്യേകിച്ച് പഞ്ചാബില്‍ നിന്ന് കാനഡയിലേക്ക് പോകുന്ന 90 ശതമാനം വിദ്യാര്‍ത്ഥികളെയും പ്രതികൂലമായി ബാധിക്കുകയും ഇപ്പോള്‍ കാനഡയിലുള്ള വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാവുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. 

യോഗ്യതയുള്ള പോസ്റ്റ്-സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ പ്രോസസിംഗ് വേഗത്തിലാക്കാന്‍ 2018 ലാണ് സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം ആരംഭിച്ചത്. 63 ശതമാനമാണ് ഇത്തരത്തില്‍ അപേക്ഷിക്കുമ്പോള്‍ വിസ ലഭിക്കാനുള്ള സാധ്യത. സാധാരണ രീതിയില്‍ അപേക്ഷിക്കുമ്പോള്‍ 19 ശതമാനവും. ഇന്ത്യയ്ക്ക് പുറമെ ചൈന, ബ്രസീല്‍, പാക്കിസ്ഥാന്‍ തുടങ്ങി 14 രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് എസ്ഡിഎസ് വഴി അപേക്ഷിക്കാന്‍ സാധിച്ചിരുന്നത്. 10 വര്‍ഷ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ ടൂറിസ്റ്റ് വിസ എന്‍ട്രിയും കാനഡ നിര്‍ത്തലാക്കിയിരുന്നു.