സറേയില്‍ ഈ വര്‍ഷം ഫെബ്രുവരി 23 ന് കാണാതായ ഇന്ത്യന്‍ വംശജയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. റിച്ച്മണ്ടില്‍ ജൂലൈ 23 ന് കണ്ടെത്തിയ മനുഷ്യമൃതദേഹാവശിഷ്ടങ്ങള്‍ സറേയില്‍ നിന്നും കാണാതായ 28 കാരി നവ്ദീത് കൗറിന്റേതാണെന്ന് തിരിച്ചറിഞ്ഞതായി ഇന്റഗ്രേറ്റഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീം(ഐഎച്ച്‌ഐടി) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നവ്ദീപിനെ കാണാതായതിനെ തുടര്‍ന്ന് കുടുംബം പരാതി നല്‍കിയത് മുതല്‍ സറേ ആര്‍സിഎംപി അന്വേഷണത്തിലായിരുന്നു.
മാര്‍ച്ചില്‍ ലോവര്‍മെയിന്‍ലാന്‍ഡിലെ ഹോമിസൈഡ് ടീം അന്വേഷണം ഏറ്റെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വില്യംസ് റോഡ് ഫ്രേസര്‍ നദിയുമായി സംഗമിക്കുന്ന സ്ഥലത്തിന് സമീപം റിച്ച്മണ്ട് ആര്‍സിഎംപി മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. നവ്ദീപ് കൗറിന്റെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായും അന്വേഷണം പുരോഗമിക്കുന്നതായും റിച്ച്മണ്ട് ആര്‍സിഎംപി അറിയിച്ചു.
കൗറിന്റെ തിരോധാനത്തെയും കൊലപാതകത്തെയും കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 1-877-551-4448 എന്ന നമ്പറില്‍ അന്വേഷണ സംഘത്തെ അറിയിക്കണമെന്ന് പോലീസ് നിര്‍ദ്ദേശിച്ചു.