ട്രംപ് ഭരണകൂടത്തിൻ്റെ നടപടികളിലേക്ക് ഉറ്റുനോക്കി കാനഡ സർക്കാർ

By: 600007 On: Nov 7, 2024, 12:23 PM

 

അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് അധികാരത്തിലേറുമ്പോൾ സ്വീകരിക്കുന്ന നടപടികൾ തങ്ങൾക്ക് തിരിച്ചടിയായേക്കുമോ എന്ന ആശങ്കയിൽ കനേഡിയൻ സർക്കാർ. വ്യാപാരം, കുടിയേറ്റം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ അമേരിക്ക കടുത്ത നിലപാട് സ്വീകരിച്ചാൽ അത് കാനഡയെ പ്രതിരോധത്തിലാക്കും. വൻതോതിലുള്ള താരിഫുകൾ, കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തൽ തുടങ്ങി മറ്റ് രാജ്യങ്ങൾക്ക് മേൽ കടുത്ത സമ്മർദ്ദം ചെലുത്താൻ ട്രംപ് പദ്ധതിയിടുന്നതായും സൂചനകൾ ഉണ്ട്.

സാമ്പത്തികമായും സൈനികമായും അമേരിക്കയെ വളരെയധികം ആശ്രയിക്കുന്ന സഖ്യകക്ഷികളുമായുള്ള നിലപാട് കടുപ്പിക്കാനാണ് തൻ്റെ തീരുമാനമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പ്രസിഡൻ്റ് പദവിയിലെ ആദ്യ ഊഴത്തിൽ നിന്ന് വ്യത്യസ്തമായി എന്തിനുമേതിനും താരിഫ് ഏർപ്പെടുത്തുന്നതിനെക്കുറിച്ച്  അദ്ദേഹം സംസാരിക്കുന്നതും ചർച്ചകൾക്കിടയാക്കിയിട്ടുണ്ട്.ഇതിൻ്റെ ഭാഗമായി ഇറക്കുമതി ചെയ്യപ്പെടുന്ന എല്ലാം ഉല്പ്പന്നങ്ങൾക്കും  ഏറ്റവും കുറഞ്ഞത് 10 ശതമാനം ആഗോള താരിഫ് എന്നാണ് ട്രംപിൻ്റെ പുതിയ നിലപാട്. ഇത് നിലവിൽ വന്നാൽ കാനഡയെപ്പോലെ അമേരിക്കയെ ആശ്രയിക്കുന്ന രാജ്യങ്ങളെ  വലിയ തോതിൽ ബാധിച്ചേക്കും. എന്നാൽ ഈ തീരുമാനത്തിൽ നിന്ന് കാനഡയെ ഒഴിവാക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ചൈനീസ് ഇറക്കുമതി തടയാൻ യുഎസുമായുള്ള കാനഡയുടെ സഹകരണം ഇരു രാജ്യങ്ങൾക്കുമിടയിൽ പൊതുവായ ഒരു സാഹചര്യം സൃഷ്ടിച്ചേക്കുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. എന്നാൽ ഇത്  യുഎസിലെ നിർമ്മാതാക്കളെ സമർദ്ദത്തിലാക്കാനുള്ള ഒരു തന്ത്രമായാണ് മറ്റ് ചിലർ വിശേഷിപ്പിക്കുന്നത്.

ട്രംപിൻ്റെ വിജയത്തിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. യു.എസ് കാനഡ ബന്ധത്തെ ലോകം അസൂയയോടെയാണ്  നോക്കിക്കാണുന്നതെന്ന് ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചിരുന്നു. ഇരു രാജ്യങ്ങളുടെയും അഭിവൃദ്ധിക്കായി പ്രവർത്തിക്കുമെന്ന് ട്രംപിനെ അറിയിച്ചതായും ട്രൂഡോ വ്യക്തമാക്കി.