ബ്രാംപ്ടണില്‍ ഇ-ട്രാന്‍സ്ഫര്‍ ഇന്റര്‍സെപ്ഷന്‍ തട്ടിപ്പില്‍ കുടുങ്ങി ഭൂവുടമ 

By: 600002 On: Nov 7, 2024, 11:36 AM

 

 

ബ്രാംപ്ടണില്‍ ഇ-ട്രാന്‍സ്ഫര്‍ ഇന്റര്‍സെപ്ഷന്‍ തട്ടിപ്പിനിരയായി ഭൂവുടമ. തനിക്ക് ലഭിക്കാനിരുന്ന രണ്ട് ഇ-ട്രാന്‍സ്ഫറുകള്‍ തട്ടിപ്പുകാര്‍ തന്റെ അക്കൗണ്ടിലെത്തുന്നതിന് മുമ്പ് ബ്ലോക്ക് ചെയ്തതായി രണ്ട് യൂണിറ്റുകളുടെ ഉടമയായ ജയ് വാലിയ പറഞ്ഞു. ഇ-ട്രാന്‍സ്ഫറുകള്‍ ഉപയോഗിച്ച് വാടക നല്‍കാന്‍ വാടകക്കാരോട് ആവശ്യപ്പെട്ടതോടുകൂടിയാണ് സംഭവം നടന്നത്. സെപ്തംബര്‍ മാസത്തെ വാടകയാണ് നല്‍കിയത്. 2000 ഡോളറും, 2500 ഡോളറും വാടകക്കാര്‍ ഇ-ട്രാന്‍സ്ഫര്‍ വഴി നല്‍കി. പണം അയച്ചെങ്കിലും തന്റെ ബാങ്ക് അക്കൗണ്ടില്‍ പണം ലഭിച്ചിട്ടില്ലെന്ന് വാലിയ മനസ്സിലാക്കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തന്റെ ഇ-മെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും താന്‍ ഇന്ററാക് ഇ-ട്രാന്‍സ്ഫര്‍ ഇന്റര്‍സെപ്ഷന്‍ ഫ്രോഡ് എന്ന തട്ടിപ്പിനിരയായതായും കണ്ടെത്തിയതായി വാലിയ പറഞ്ഞു. 

താന്‍ ഓട്ടോഡെപ്പോസിറ്റ് ഉപയോഗിക്കില്ലെന്നും പകരം സെക്യൂരിറ്റി ക്വസ്റ്റ്യന്‍സാണ് ഉപയോഗിക്കുന്നതെന്നും വാലിയ പറഞ്ഞു. ഒരു ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും ഓട്ടോ ഡെപ്പോസിറ്റ് സജ്ജീകരിക്കുന്നതിനും കുറ്റവാളികള്‍ വാലിയയുടെ ഇ-മെയില്‍ ഉപയോഗിച്ചുവെന്നാണ് സൂചന. അതിനാല്‍ വാലിയയ്ക്ക് അയച്ച പണം സ്വയമേവ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് പോവുകയാണ് ചെയ്തത്. സംഭവത്തില്‍ വാലിയയുടെ വാടകക്കാരില്‍ ഒരാള്‍ക്ക് പണം തിരികെ ലഭിക്കുകയും വാടക നല്‍കുകയും ചെയ്തു. എന്നാല്‍ രണ്ടാമത്തെ വാടകക്കാരനില്‍ നിന്നും 2,000 ഡോളര്‍ തട്ടിപ്പുകാര്‍ കവര്‍ച്ച ചെയ്തു. 

ഇന്ററാക് ഇ-ട്രാന്‍സ്ഫര്‍ തട്ടിപ്പ് തടയാന്‍, സുരക്ഷിതവും സൗകര്യപ്രദവുമെന്ന് പറയുന്ന ഓട്ടോഡെപ്പോസിറ്റ് ഓണ്‍ ചെയ്യണമെന്ന് സൈബര്‍ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ഇ-മെയില്‍ തട്ടിപ്പില്‍ നിന്നും പരിരക്ഷ നേടാന്‍ ഓട്ടോഡെപ്പോസിറ്റ് സഹായിക്കുന്നു. ഇടപാടുകള്‍ യഥാര്‍ത്ഥ സ്വീകര്‍ത്താവിന് അയച്ചിട്ടുണ്ടെന്നും സെക്യൂരിറ്റി ചോദ്യങ്ങളില്ലാതെ പണം നിക്ഷേപിക്കപ്പെട്ടുവെന്നും ഇതുവഴി സ്ഥിരീകരിക്കാന്‍ സാധിക്കുന്നു.