പി പി ചെറിയാൻ ഡാളസ്
ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റൺ ചാലഞ്ചേർസ് സംഘടിപ്പിക്കുന്ന 35-ാമത് ജിമ്മി ജോർജ് ടൂർണമെൻറ് ഗംഭീരമാക്കുന്നതിനുള്ള പ്രാരംഭപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള ആദ്യയോഗം മിസ്സൗറി സിറ്റിയിലുള്ള അപ്നാ ബസാർ ഹാളിൽ വച്ച് ചേർന്നു. ടൂർണമെൻ്റ് നടത്തിപ്പിന് നേതൃത്വം നൽകുന്നതിനായി ജോജി ജോസഫിനെ ജനറൽ കൺവീനറായും, വിനോദ് ജോസഫിനെ ജനറൽ കോർഡിനേറ്ററായും തിരഞ്ഞെടുത്തു. ടീം മാനേജർ ആയി ടോണി മങ്ങളിയേയും , ടീം കോച്ച് ആയി ജോസ് കുന്നത്തിനേയും , കാപ്റ്റനായി അലോഷി മാത്യുവിനേയും തിരഞ്ഞെടുത്തു.
നോർത്തമേരിക്കൻ മലയാളികൾക്കിടയിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ കായിക മഹോത്സവമായ ജിമ്മി ജോർജ് വോളീബോൾ ടൂർണമെൻ്റിൽ അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നുമായി പന്ത്രണ്ടോളം ടീമുകളാണ് മത്സരിക്കുന്നത്. കൂടാതെ 45 വയസിന് മുകളിലുള്ളവർക്കായും, 18 വയസ്സിന് താഴെ പ്രായമുള്ളവർക്കായും പ്രത്യേകമത്സരവും ഉണ്ടായിരിക്കും. ഹ്യൂസ്റ്റണോട് അടുത്ത് കിടക്കുന്ന ആൽവിൻ സിറ്റിയിലുള്ള 6 വോളീബോൾ കോർട്ടുകളുള്ള Upside sports plex ൽ വച്ച് 2025 മെയ് മാസം 24 - 25 തിയതികളിലാണ് മത്സരങ്ങൾ നടത്തപ്പെടുക. ഒരുക്കൾക്കായി , വിവിധ മേഘലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പുരുഷൻമാരും , സ്ത്രീകളും, യുവാക്കളും അടങ്ങുന്ന 15-ാളം കമ്മിറ്റികളും രൂപീകരിച്ചു.
മെമോറിയൽ ഡേ വീക്കെൻ്റിൽ നടക്കുന്ന ഈ മത്സരങ്ങൾ കാണുന്നതിനും ആസ്വദിക്കുന്നതിനുമായി ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഹ്യൂസ്റ്റൺ ചാലഞ്ചേർസ് ക്ലബ് സെക്രട്ടറി തോമസ് ജോർജ് പറഞ്ഞു.